എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം രണ്ടാം ദിനം : വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

Air India Express strike enters second day

വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ഇനിയും നീണ്ടുപോവുമോ എന്ന് ആശങ്കകൾ ശക്തമാകുന്നു.

കണ്ണൂരില്‍ നിന്ന് ഷാര്‍ജ, അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള  നാല് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി.  വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ജീവനക്കാര്‍ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

സമരക്കാരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിന്‍വലിച്ചതായി ഇതുവരെയും  അറിയിച്ചിട്ടില്ല. ആശാവഹമായ കാര്യമെന്തെന്നാൽ  ചില വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട് എന്നതാണ്.

കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദമാം, മസ്‌കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര സര്‍വീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സര്‍വീസും ബുധനാഴ്ച റദ്ദാക്കി.  പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത് യാത്രക്കാരില്‍ കുറച്ചുപേര്‍ക്ക് ബോര്‍ഡിങ് പാസ് വരെ നല്‍കിയത്തിന് ശേഷമാണ്.

യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് തിരുവനന്തപുരത്തും ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാര്‍ജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്നുവിമാനങ്ങളുടെയും  സര്‍വീസ് മുടങ്ങി.

കരിപ്പൂരില്‍ ബുധനാഴ്ച രാവിലെ എട്ടിനും രാത്രി 11-നും ഇടയില്‍ റാസല്‍ഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തേണ്ട വിമാനങ്ങൾ റദ്ദാക്കി.

കണ്ണൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്ചത്തെ സര്‍വീസുകളും റദ്ദായി. വൈകീട്ട് കുവൈത്തിലേക്കുള്ള സര്‍വീസും റദ്ദാക്കി.

Comments

    Leave a Comment