സംസ്ഥാനത്ത് 24 കോളേജുകളിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു.

First semester result of 24 Nursing Colleges in the State on hold Representative Image

ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി കിട്ടും മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകിയതാണ് കാരണം.

സംസ്ഥാനത്തെ 24 നഴ്സിങ് കോളേജുകളിൽ  ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങി എന്ന കാരണത്താലാണ് ഫലം തടഞ്ഞു വച്ചിരിക്കുന്നത്.

പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും അംഗീകാരം നൽകണമെന്ന വ്യവസ്ഥ നിലനിൽക്കെ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി ലഭിക്കുന്നതിന് മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകിയതാണ് പരീക്ഷാഫലം തടയലിൽ വരെ എത്തിനിൽക്കുന്നത്.

കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി ഉൾപ്പടെ അഞ്ച് സർക്കാർ നഴ്സിങ് കോളേജുകളിലേയും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളിലേയും, 17 നഴ്സിങ് കോളേജുകളിലേയും, സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റർ പരീക്ഷ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. 

അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കും സംസ്ഥാന-ദേശീയ നഴ്സിങ് കൗൺസിലുകൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് ഉയർന്ന മാർക്ക് വാങ്ങി നഴ്സിങ് പഠനത്തിന് ചേർന്ന് ഭാവിപഠനം ആശങ്കയിലായി വിദ്യാർത്ഥികൾ.

Comments

    Leave a Comment