കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസിലെ ടോൾ നിരക്കുകൾ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിനൊരുങ്ങി മാഹി-തലശേരി ബൈപ്പാസ്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയും.
മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാമെന്നുള്ളതാണ് ബൈപ്പാസിന്റെ ഗുണം. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്.
ബൈപ്പാസിൽ കണ്ണൂർ ജില്ലിയിലെ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ സ്ഥിതി ചെയ്യുന്നത്. ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾ ഒരു വശത്തേക്ക് 65 രൂപയും ഇരുവശത്തേക്കും നൂറു രൂപയും ടോൾ നൽകണം. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപയാണ് ടോൾ നല്‍കേണ്ടി വരുക.
ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായതിനാൽ കണ്ണൂർ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്.
മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപയാണ് നിരക്ക്.
ബസിനും ലോറിക്കും ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 225 രൂപയും ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയുമാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടുന്നതാണ്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിൽ പാസ് ലഭിക്കുന്നതാണ്.
ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം.
ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപ ചെലവായ ഈ ബൈപ്പാസിന്റെ നിർമ്മാണ ചുമതല എറണാകുളം പെരുമ്പാവൂരിലെ ഇ കെ കെ കമ്പനിക്കാണ്. 2021 -ൽ ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്ന പാതപ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി.
വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്.
Comments