വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനില്‍ ഛേത്രി.

Indian legend Sunil Chhetri announced his retirement.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് തീരുമാനം. അവസാന മത്സരം കുവൈത്തിനെതിരെ

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനില്‍ ഛേത്രി. 2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഛേത്രി 19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ താരം തീരുമാനം പുറത്തുവിട്ടത്.ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയോട് വിടപറയുമെന്ന്  ഛേത്രി വ്യക്തമാക്കി.  

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായ ഛേത്രി 150 മത്സരങ്ങളില്‍ 94 ഗോളുകൾ നേടിയിട്ടുണ്ട്. നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരിൽ അര്‍ജന്റീനൻ ഇതിഹാസം ലയണല്‍ മെസിക്കും (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും  (205 മത്സരങ്ങളില്‍ 128) പിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.

2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു ഛേത്രി.

ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അർഹനായി.

2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും നൽകി രാജ്യം ഛേത്രിയെ ആദരിച്ചു.

നിലവില്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എ-യില്‍ നാല് പോയിന്റുമായി ഇന്ത്യ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

Comments

    Leave a Comment