യൂറോ 2024 : സ്‌പെയിൻ യൂറോപ്പിന്റെ സിംഹാസനത്തിലേക്ക്.

Spain Wins Euro Cup 2024

സ്‌പെയിൻ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം. തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ടിന് യൂറോ ഫൈനലില്‍ തോല്‍വി.

സ്പെയിന്‍ ഒരിക്കല്‍ക്കൂടി യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ കിരീടം. 

കലാശപ്പോരില്‍ ലൂയിസ് ഡെലാ ഫുഎന്‍ഡെയുടെ സംഘം ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീടമണിഞ്ഞത്. സ്പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. ഇതോടെ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും സ്‌പെയിനിന് സ്വന്തമായി.
 
തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ടിന് യൂറോ ഫൈനലില്‍ തോല്‍വിയേറ്റു വന്നു. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിലായിരുന്നു തോല്‍വി. 

ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങിയ സ്‌പെയിൻ രണ്ടാം പകുതിയിലെ ആദ്യം തന്നെ നിക്കോ വില്യംസിലൂടെ ലീഡ് കണ്ടെത്തി. പതിനേഴുകാരന്‍ ലമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ പിറന്നത്. 73-ാം മിനിറ്റില്‍ കോച്ച് സൗത്ത് ഗേറ്റ് രണ്ട് മിനിറ്റ് മുന്‍പ് മാത്രം ഗ്രൗണ്ടിലിറക്കിയ പാള്‍മറില്‍നിന്ന് ഇംഗ്ലണ്ടിന്റെ മറുപടി ഗോളെത്തി. 83-ാം മിനിറ്റില്‍ മികെല്‍ ഒയര്‍സബാല്‍ സ്പെയിനിന്റെ വിജയ ഗോൾ കണ്ടെത്തി. 
 
ക്രൊയേഷ്യ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്പിലെ വമ്പന്‍ ടീമുകളെ മറികടന്ന് തോല്‍ക്കാതെ രാജകീയമായിത്തന്നെയാണ് സ്പെയിനിന്റെ കിരീട ധാരണം. 2012 ജൂലായ് ഒന്നിന് യുക്രൈനിലെ കീവില്‍ ഇറ്റലിയെ തകര്‍ത്താണ് സ്‌പെയിൻ അവസാനം കിരീടം നേടിയത്.

മറുവശത്ത് ആദ്യ യൂറോ കപ്പ് കിരീടം ലക്ഷ്യം വെച്ചെത്തിയ ഇംഗ്ലണ്ടിന് അതിനായി ഇനിയും കാത്തിരിക്കണം. 1966-ല്‍ ലോകകപ്പ് നേടിയതില്‍പ്പിന്നെ ഇംഗ്ലണ്ട് ലോകകപ്പോ യൂറോ കപ്പോ നേടിയിട്ടില്ല. 

Comments

    Leave a Comment