2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരില്‍ മുന്നില്‍ മുകേഷ് അംബാനി: വര്‍ധനവ് 9.98 ബില്യണ്‍ ഡോളര്‍

Mukesh Ambani leads Indians adding wealth in 2023

2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരുടെ ലിസ്റ്റ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടു.

9.98 ബില്യണ്‍ ഡോളര്‍ സമ്പാദിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (RIL) ചെയര്‍മാര്‍ മുകേഷ് അംബാനി മുന്നില്‍. ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ അംബനി ലോക കോടീശ്വര പട്ടികയിൽ 13 -ആം  സ്ഥാനത്താണ്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ കാര്യമായ വര്‍ധനവുണ്ടായത്. ഏകദേശം  83,000 കോടി രൂപയോളമാണ് 2023ല്‍ അംബാനി സമ്പാദിച്ചത്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കു പ്രകാരം അംബാനിയുടെ മൊത്തം ആസ്തി 8,08,346 കോടി രൂപ (97.1 ബില്യണ്‍ ഡോളര്‍) ആണ്.

ഈ വര്‍ഷത്തിൽ 9.47 ബില്യണ്‍ ഡോളറിന്റെ വർദ്ധനവ് സമ്പത്തില്‍ ഉണ്ടായ എച്ച്‌സിഎല്‍ (HCL) ടെകിന്റെ സ്ഥാപകനായ ശിവ് നടാറാണ് ലിസ്റ്റിൽ രണ്ടാമത്. ഇതോടെ ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 34 ബില്യണ്‍ ഡോളറിലെത്തി. എച്ച്‌സിഎല്‍ ടെകിന്റെ ഓഹരി വിലയിലുണ്ടായ 41 ശതമാനം വർധനവാണ് അദ്ദേഹത്തിന് നേട്ടമായത്.

സാവിത്രി ജിന്‍ഡാല്‍ 8.93 ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തില്‍ ചേര്‍ത്ത് മൂന്നാമതായി. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മുന്‍ മേധാവിയായിരുന്ന സാവിത്രി ജിന്‍ഡാലിന്റെ മൊത്തം ആസ്തി 24.7 ബില്യണ്‍ ഡോളറാണ്.   ജിന്‍ഡാല്‍ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ജിന്‍ഡാല്‍ എനര്‍ജി തുടങ്ങിയ കമ്പനികളില്‍നിന്ന് ലഭിച്ച വരുമാനമാണ് അവരെ കൂടുതല്‍ സമ്പന്നയായിക്കിയത്. 

ഈ വര്‍ഷം 7.83 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ ചേര്‍ത്ത കുശാല്‍ പാല്‍ സിങ് ആണ് നാലാം സ്ഥാനത്ത്. സിങിന്റെ മൊത്തം ആസ്തി 16.1 ബില്യണ്‍ ഡോളറാണ്.ഈ വർഷം ഡിഎല്‍എഫിന്റെ ഓഹരി വിലയിലുണ്ടായ 91 ശതമാനം വര്‍ധനവാണ് നാലാം സ്ഥാനത്തെത്തുന്നതിന് തുണയായത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സമീപകാലത്തെ റെക്കോഡ് വില്പനയാണ് അദ്ദേഹം കരസ്ഥമാക്കിയത്. 

158 വര്‍ഷത്തെ പാരമ്പര്യമുള്ള എന്‍ജിനിയറിങ്-കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഷാപൂര്‍ മിസ്ത്രി ഈ വര്‍ഷം 7.41 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്.  35.2 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി.

ആദിത്യ ബിര്‍ള ഗ്രൂപ്പിലെ കുമാര്‍ മംഗലം ബിര്‍ള (7.09 ബില്യണ്‍ ഡോളര്‍), വരുണ്‍ ബീവറേജസിലെ രവി ജയ്പൂരിയ (5.91 ബില്യണ്‍ ഡോളര്‍), സണ്‍ ഫാര്‍മയിലെ ദിലീപ് സാംഘ്‌വി (5.26 ബില്യണ്‍ ഡോളര്‍), ലോധ ഗ്രൂപ്പിലെ പ്രഭാത് ലോധ(3.91 ബില്യണ്‍), എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ (3.62 ബില്യണ്‍) എന്നിങ്ങനെ പട്ടിക നീളുന്നു.

Comments

    Leave a Comment