ഇനി ബ്രിട്ടീഷ് പൗരത്വം നേടുക എളുപ്പമാകില്ല ; പി ആർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഋഷി സുനക്

British P M Rishi Sunak to Tighten P R Rules of UK

ഇംഗ്ലീഷ് മാധ്യമമായ 'ഡെയിലി മെയിൽ' ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

ലണ്ടന്‍∙ യു കെ യിലെ പിആർ നിയമങ്ങൾ കർശനമാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പദ്ധതിയിടുന്നതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ 'ഡെയിലി മെയിൽ' ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് പുതിയ കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ്  കടുത്ത നടപടികള്‍ ആലോചിക്കുന്നത്. യുകെയിലേക്കുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ താന്‍ വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നതിന് തൊട്ടു പിന്നാലെയാണ് ഇത്തരം കര്‍ശന നടപടികൾക്ക് ഋഷി സുനക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

അതിൽ പ്രധാനമയുള്ളത് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ILR) ആണ്.ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയാണ് ഐ എൽ ആർ ലഭിക്കുകയെന്നത്. യു കെ യിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ILR) ഇനി എട്ടു വർഷം കഴ്ഞ്ഞതിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ  പോലെയുള്ള നിയമങ്ങളാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പുതിയ നീക്കമനുസരിച്ച് ഐ എല്‍ ആര്‍ ലഭിക്കാനായി യുകെയില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തൊഴിലെടുത്തതായോ സ്‌കൂള്‍ പഠനം നടത്തിയതായോ തെളിയിക്കേണ്ട രേഖകളും ഹാജരാക്കേണ്ടി വരുന്നതാണ്. ഇതിനു പുറമെ, ഐ എല്‍ ആർ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷക്കാലം ക്രിമിനല്‍ കുറ്റങ്ങളിലൊന്നും അകപ്പെട്ടിട്ടില്ലെന്ന് അപേക്ഷകന്‍ നിര്‍ബന്ധമായും തെളിയിക്കേണ്ടതായി വരുന്നതാണ്. 

65 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് നിലവില്‍ ഐ എല്‍ ആര്‍ ലഭിക്കുന്നതിനായി ബ്രിട്ടീഷ് ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയെഴുതേണ്ടതില്ല. എന്നാല്‍ പരിഗണനയിലുള്ള നിയമങ്ങൾ കർശനമാക്കിയാൽ ഈ ഇളവും റദ്ദാക്കുമെന്നാണ് പറയുന്നത്. 

നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് കാൻസർവേറ്റീവ് പാർട്ടി മുമ്പേ തന്നെ നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം നെറ്റ് മൈഗ്രേഷൻ സർവകാല റെക്കോർഡിലാണ്. എന്നാൽ മൈഗ്രേഷനിലൂടെ യുകെയിൽ എത്തിയ കുടുംബത്തിന്റെ പിന്മുറക്കാരനായ ഋഷി സുനക് ഇത്തരത്തിൽ നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ യുകെയിൽ എത്തിയ പുതു തലമുറയിൽപ്പെട്ട ഇന്ത്യൻ സമൂഹത്തിൽ നിന്നുമുൾപ്പടെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. 

Comments

    Leave a Comment