ഉംറ വിസ : ഇനി കാലാവധി മൂന്നുമാസം ; രാജ്യത്തുടനീളം സഞ്ചരിക്കാം.

Umrah visa: now valid for three months; Travel across the country.

ഉംറ വിസാ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായും ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളതായും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഹ‍ജ്ജ് സ്‍മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് അറിയിച്ചു.

റിയാദ്: ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. നേരത്ത കാലാവധി ഒരു മാസമായിരുന്നു.

രാജ്യത്ത് ഉംറ വിസകളില്‍  എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിക്കാന്‍ അനുമതിയുള്ളതായും അദ്ദേഹം അറിയിച്ചു. ഇനി വെറും 24 മണിക്കൂറിനുള്ളിൽ ഉംറ വിസ  ഓൺലൈനിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. 

ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഹ‍ജ്ജ് സ്‍മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്നും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. മിനായിലും അറഫയിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്‍മാര്‍ട്ട് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്കാണ് ഹജ്ജ് ചെയ്യുവാൻ  അവസരം ലഭിക്കുക. ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്നും മാതൃകാ രീതിയില്‍ ഹജ്ജ് സംഘാടനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കുവാനും തീര്‍ഥാടകര്‍ക്ക് കഴിയും. നേരത്തെ ഉംറ സര്‍വീസ് കമ്പനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. ഇ-സേവനം വഴി യാത്രാ, താമസ സൗകര്യങ്ങള്‍ക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കമ്പനികളുമായി മുന്‍കൂട്ടി ധാരണയിലെത്താന്‍ സാധിക്കും.

Comments

    Leave a Comment