ബോക്സ്ഓഫീസില്‍ പഠാന്‍റെ വെടിക്കെട്ട്.!

Shahrukh Khan Starrer Pathaan Movie Box office collection

ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡ് പഠാന്റെ കൈയെത്തും ദൂരത്ത്.

ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡിൽ പുതു ചരിത്രം രചിക്കുകയാണ്.

കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് ചിത്രം അസൂയാവഹമായ വിജയം നേടുന്നത് എന്നതും ശ്രദ്ധേയമാണ്. 

ബുധനാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ തന്നെ അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിച്ച ചിത്രത്തിന്, ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം പ്രവഹിച്ചതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്.

അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അതില്‍ നാല് ദിവസങ്ങളിലും 50 കോടി പിന്നിട്ട ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇട്ടിരിക്കുന്നത്. ആഗോളതലത്തില്‍ ഇതുവരെ അഞ്ച് ദിവസത്തില്‍ 545 കോടി രൂപ പഠാന്‍ കളക്ട് ചെയ്തുവെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നും പഠാന്‍ ഇതുവരെ കളക്ട് ചെയ്തത് 335 കോടിയും വിദേശ ബോക്സ്ഓഫീസില്‍ നിന്ന് 207 കോടിയുമാണ്  നേടിയത്.

റിപബ്ലിക് ദിനത്തിന്റെ തലേദിവസം തിയറ്ററുകളിലെത്തിയ ചിത്രം പല  ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും പഴങ്കഥകളാക്കിയാണ് മുന്നേറുന്നത്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ തന്നെ 20 കോടി നേടിയിരുന്നു. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസായ രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര സൃഷ്ടിച്ച 19.66 കോടിയെന്ന റെക്കോഡ് പഠാന്‍ മറികടന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്, ദീപിക പദുകോണ്‍ നായികയായ ചിത്രം ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയത്. റിലീസ് ദിവസം തന്നെ 100 കോടി നേടുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയായി പഠാൻ.

5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെജിഎഫ് 2 വിനെ മറികടന്ന് ഇന്ത്യയില്‍ അഡ്വാന്‍സ് ബുക്കിങ് വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറി. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും പഠാന്‍  70 കോടിക്ക് അടുത്താണ് നേടിയതെന്ന് ബോക്സ്ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കുകള്‍ പറയുന്നു.  ഒരു ഹിന്ദിചിത്രം ഒറ്റ ദിവസത്തില്‍ നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. ആഗോളതലത്തിൽ ഇന്നും 100 കോടിക്ക് മുകളിൽ നേടിയതിനാൽ ചിത്രം രണ്ട് ദിവസം കൊണ്ട് 200 കോടിക്ക് മുകളിൽ നേടി. കെജിഎഫ് 2 അഞ്ച് ദിനങ്ങളിലും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

മൂന്ന് ദിവസം പിന്നിട്ടപ്പോൾ ചിത്രം 313 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ സുമിത് കേഡൽ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുമാത്രം ബുധനാഴ്ച 57 കോടി, വ്യാഴാഴ്ച 70.50 കോടി, വെള്ളിയാഴ്ച  39.50 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ കണക്ക്.

നാല് ദിവസം പിന്നിട്ടപ്പോൾ പഠാൻ 400 കോടി പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. ലോകമെമ്പാടുമായി  429 കോടിയാണ് പഠാൻ സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ട്വീറ്റ് ചെയ്തത്.

വരും ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍  ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡും പഠാന്‍ തകര്‍ക്കാൻ സാധ്യതയുണ്ട്. നിലവില്‍ 387 കോടി നേടിയ ആമിര്‍ഖാൻ നായകനായ ദംഗല്‍ ആണ് ഈ റെക്കോർഡ് കൈവശം വച്ചിരിക്കുന്നത്. പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്നതും കൗതുകകരമാണ്. 

Comments

    Leave a Comment