അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച : ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ.

Talks with Andhra Govt to control rice prices : Food Minister GR Anil.

500ലധികം കേന്ദ്രങ്ങളിലേക്ക് അരിവണ്ടി. സൗജന്യ വിതരണം. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് പ്രത്യേക നിരക്കില്‍ അരി.

സംസ്ഥാനത്തെ പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ, ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവുമായി ഇന്ന് ചര്‍ച്ച നടത്തും.  നേരത്തെ ജി ആര്‍ അനിലിന്‍റെ നേതൃത്വത്തിലുളള സംഘം ആന്ധ്രയിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച് ആണ് ചര്‍ച്ച. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും. ആന്ധ്രയില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ ജയ അരിയും  വറ്റല്‍ മുളക് അടക്കമുളള മറ്റ് ഇനങ്ങളും ഇറക്കുമതി ചെയ്യാനാണ് കേരളത്തിന്റെ ശ്രമം.

ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി പ്രത്യേകമായി 10.90 രൂപ നിരക്കില്‍ നൽകാന്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് അരികൊടുക്കാൻ മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടികൾ സഞ്ചരിക്കും.

സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ അരിവിലയുള്ളത്.  35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60ലെത്തിയപ്പോൾ 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 ആയി. 32 രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43 നും  കുറുവ അരിയുടെ വില 40ലും എത്തിയിരിക്കുകയാണ്. 

അയൽ സംസഥാനങ്ങളായ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉല്‍പ്പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണമായി കണക്കാക്കുന്നത്. ആന്ധ്രയില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായതും അരിയുടെ വരവ് കുറച്ചു. 

അടുത്ത വിളവെടുപ്പ് നടത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരെ വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ നീക്കം.  

Comments

    Leave a Comment