കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും തൃക്കാക്കര മണ്ഢലത്തിലും നടന്ന വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ മികച്ച പോളിങ് നടന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഇക്കുറി പോളിങ് ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് അവസാനിച്ചു; വോട്ടെണ്ണൽ വെള്ളിയാഴ്ച.

വിവാദങ്ങളും വാക്പോരുകളും കടന്ന് തൃക്കാക്കര വിധിയെഴുതി. യാതൊരു പ്രാധാന്യവുമില്ലാത്ത ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരത്തിലേക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു.
എല്ലാ മുന്നണികൾക്കും പ്രതീക്ഷയും ആശങ്കയും ഒരുപോലെ നൽകുന്ന പോളിംഗ് ശതമാനത്തിൽ ഇനി കണക്കുകൂട്ടലിന്‍റെ സമയമാണ്. മുന്നണികളുടെ കണക്ക് കൂട്ടലുകൾ മറികടന്നുള്ള പോളിങാണ് തൃക്കാക്കരയിൽ നടന്നത് എന്നാണ് വിവരം. കൃത്യമായ കണക്ക് വന്നിട്ടില്ലെങ്കിലും ആദ്യ കണക്കുകള്‍ പ്രകാരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെ 66.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ ഇക്കുറി പോളിങ് ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് തൃക്കാക്കരയിൽ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയിൽ പൊലീസ് പിടികൂടിയതൊഴിച്ചാൽ വേറെ അനിഷ്ട സംഭവങ്ങളൊന്നും വോട്ടിങിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല. എന്നാൽ കള്ളവോട്ടിനെ ചൊല്ലി ഇടത് - വലത് വാക്പോര് രൂക്ഷമായി. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചപ്പോൾ കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.
രാവിലെ മുതൽ മികച്ച പോളിങ് നടന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് പെട്ടെന്ന് മന്ദഗതിയിലായത് പോളിങ് ശതമാനത്തെ നേരിയ തോതിൽ ബാധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ പോളിങ് 70.39 ശതമാനമായിരുന്നുവെങ്കിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 76.05 ശതമാനമായിരുന്നു. 70 ശതമാനം പോളിങ് നടന്ന 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കുറവ് പോളിംഗ്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. ഫലം ആർക്ക് അനുകൂലമായാലും കേരളത്തിലെ ഭരണത്തിൽ യാതൊരു വ്യത്യാസവുമുണ്ടക്കില്ല ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.എന്നാൽ മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും തൃക്കാക്കരയിൽ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തുവെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
Comments