കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റും : വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്.

Kozhikode will be made the development hub of North Kerala : Industries Minister P Rajeev

കോഴിക്കോട് ജില്ലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

കോഴിക്കോട്: വ്യാവസായിക വികസനത്തില്‍ കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സംരംഭകര്‍ക്കും നിയമാനുസൃതം സംരംഭം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.  വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമിതിയെ അറിയിക്കാം.  

ജില്ലയിലെ ഏഴ് സംരംഭകരുടെ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി വിതരണം അദ്ദേഹം നിര്‍വ്വഹിച്ചു.  രണ്ടു സംരംഭകര്‍ക്ക് ഭൂമി കൈമാറ്റ ഉത്തരവും നല്‍കി.  ബാങ്ക് ലോണുമായി ബന്ധപ്പെട്ട പരാതികള്‍ ലീഡ് ബാങ്ക് പ്രതിനിധിക്ക് കൈമാറി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ പി.എ.നജീബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓരോ ജില്ലകളിലും ലഭിക്കുന്ന പരാതികളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികള്‍ വിലയിരുത്തുന്നതിന് ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളില്‍  'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി നടത്തിക്കഴിഞ്ഞു.  വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനാണ് കോഴിക്കോടിന്റെ ചുമതല.  

Comments

Leave a Comment

lionel-messi-signs-two-year-contract-with-psg.php