പുതിയ മന്ദിരത്തിൽ പാർലമെന്ററി നടപടികൾക്കു തുടക്കമായി ; ആദ്യ ബിൽ വനിതാ സംവരണം.

Parliamentary proceedings started in new building

അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്.

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പുതിയ മന്ദിരത്തിൽ പാർലമെന്ററി നടപടികൾക്കു തുടക്കമായി. ഉച്ചയ്ക്കു 1.15ന് ലോക്സഭയും 2.15ന് രാജ്യസഭയും ചേർന്നു.

അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ സെഷൻ നടത്തിയതിന് ശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം നടന്നു.

പുതിയ പാർലമെന്റിൽ ആദ്യം അവതരിപ്പിച്ചത് വനിത സംവരണ ബിൽ ആണ്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബിൽ‍ അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍.

ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും പ്രധാനമന്ത്രി അഭ്യർഥിച്ചു. എന്നാൽ നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയപ്പോൾ മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.

128-ാം ഭരണഘടനാ ഭേദഗതിയായിട്ടാണു കേന്ദ്രമന്ത്രി ബിൽ അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം 181 ആയും കേരള നിയമസഭയിലെ വനിതാ പ്രാതിനിധ്യം  46 ആയും ഉയരും. നിലവില്‍ 11 വനിതകളാണ് കേരള നിയമസഭയിലുള്ളത്. ലോക്സഭയിലേക്കു കേരളത്തില്‍നിന്നുള്ള 20 എംപിമാരില്‍ 6 പേര്‍ വനിതകളായി മാറും.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയത്തിനു ശേഷമേ വനിതാ സംവരണം നടപ്പാക്കൂ എന്ന ബില്ലിലെ വ്യവസ്ഥയാണിതിന് കാരണം. 2027ലെ സെൻസസിനു ശേഷമേ മണ്ഡല പുനർനിർണയമുണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ഫലത്തിൽ 2029 - ൽ മാത്രമേ വനിതാ സംവരണം പ്രാബല്യത്തിലാകുകയുള്ളൂ എന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പുതിയ മന്ദിരത്തിൽ എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, സ്മരണികയായി നാണയം, സ്റ്റാംപുകൾ തുടങ്ങിയവ സമ്മാനമായി നൽകുന്നതാണ്.

Comments

    Leave a Comment