പണം തന്നില്ലെങ്കിൽ ഔട്ലറ്റുകൾ പൂട്ടിയിടും ; സർക്കാരിന് സപ്ലെയ്കോയുടെ മുന്നറിയിപ്പ്

Supplyco will have to close outlets if money is not released immediately

പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം : കുടിശ്ശികയുടെ മൂന്നിലൊന്നെങ്കിലും ഉടനെ അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സപ്ലെയ്കോ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. 

ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലെയ്കോ, ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സപ്ലെയ്കോക്കുളളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും തന്നെ ടെണ്ടറിൽ പോലും പങ്കെടുക്കാതെയായി. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്.

വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കുമെന്നാണ് അറിയുന്നത്. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. 

യുഡിഎഫ് ഭരണ കാലത്തുണ്ടായിരുന്ന പരമാവധി 25 ശതമാനം സബ്സിഡിയിൽ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നെന്നാണ് സൂചന. നിലവിലിത് 50 ശതമാനത്തോളമാണ്. കൂടുതൽ ഉത്പന്നങ്ങൾക്ക് സ്ബ്സിഡി ഏര്‍പ്പെടുത്തുന്നതും ഔട്ലറ്റുകളെ ജനപ്രിയമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങളിലും സര്‍ക്കാര് നിലപാടായിരിക്കും അന്തിമം. 

Comments

    Leave a Comment