അപകടത്തിൽ പെട്ട ബോട്ടിൽ ഫോറൻസിക് പരിശോധന; ദുരന്തത്തില്‍ ഇതുവരെ പൊലിഞ്ഞത് 22 ജീവനുകള്‍
മലപ്പുറം: താനൂരിൽ ഇരുപത്തിരണ്ടുപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ 11 പേർ അംഗങ്ങളടക്കം 22 പേരാണ് മരിച്ചത്. ദുരന്തത്തിൽ 15 കുട്ടികൾക്കും അഞ്ച് സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും ജീവൻ നഷ്ടമായി. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടപ്പോൾ കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി എട്ട് പേരാണ് ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു.
അതെ സമയം അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുള്ള സാഹചര്യത്തിൽ പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ, മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Comments