പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും.

Paris Olympics 2024 Opening Ceremony image source : flytographer.com

206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പങ്കെടുക്കും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്.

പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പാരീസിന്‍റെ ഹൃദയമായ സെന്‍ നദിക്കരയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് കൊണ്ട് പാരിസ് ഒളിംപിക്സിന് ഇന്ന് രാത്രി ഇന്ത്യൻ സമയം പതിനൊന്നിന്  ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. പുതിയ വേഗവും പുതിയ ഉയരവും തേടി 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ വരുന്ന രണ്ടാഴ്ചക്കാലം പരസ്പരം മാറ്റുരക്കും.

ഒളിംപിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡ‍ിയത്തിന് പുറത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 117 പേരടങ്ങുന്ന ഇന്ത്യൻ സംഘമുൾപ്പടെ വിവിധ രാജ്യത്തിൻറെ കായിക താരങ്ങള്‍ സെന്‍ നദിക്കരയില്‍ ബോട്ടിലൂടെയാണ് ഇത്തവണ  മാര്‍ച്ച് പാസ്റ്റ് നടത്തുന്നത്. നൂറോളം ബോട്ടുകളാണ് 10500 കായിക താരങ്ങളെയും വഹിച്ച് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് സ്വന്തമായിട്ട് ഒരു ബോട്ട് ആണെങ്കിൽ കുറഞ്ഞ അംഗസംഖ്യയുള്ള രാജ്യത്തെ കായിത താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ ബോട്ടിലായിരിക്കും മാർച്ച് പാസ്റ്റിനെത്തുക. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്. 

ഉദ്ഘാടനച്ചടങ്ങിന്‍റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട 22000 അതിഥികൾ കൂടാതെ ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും. കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. പാരീസ് നഗരത്തിലൊരുക്കിയിരിക്കുന്ന എണ്‍പതോളം ബിഗ് സ്ക്രീനുകളില്‍  ഉദ്ഘാടന ചടങ്ങിന് ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക്  ചടങ്ങുകള്‍ തത്സമയം കാണാനാകും. 

ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാവുന്നതാണ്.

Comments

    Leave a Comment