ഊഹക്കച്ചവടത്തിന് കുരുക്കിടാന്‍ നിര്‍ദേശങ്ങളുമായി സെബി

SEBI with instructions to curb speculation

നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്ഇയുടെയും ബിഎസ്ഇയുടെയും ലാഭത്തില്‍ കുറവുണ്ടാകും. വ്യക്തികള്‍ക്കും പ്രൊപ്പ്രൈറ്റര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും 2024 സാമ്പത്തിക വര്‍ഷം ശരാശരി 51,689 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായതായാണ് സെബിയുടെ കണക്ക്.

നിക്ഷേപകരുടെ സംരക്ഷണവും വിപണിയിലെ സ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് ഊഹക്കച്ചവടത്തിന് കുരുക്കിടാന്‍ നിര്‍ദേശങ്ങളുമായി സെബി

ഡെറിവേറ്റീവ് ഇടപാടുകളിലൂടെ കുടുംബങ്ങള്‍ക്ക് വര്‍ഷംതോറും 60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് സെബി. ഐപിഒയിലൂടെയോ മ്യൂച്വല്‍ ഫണ്ടുവഴിയോ ഉത്പാദനക്ഷമമായി വിപണിയിലെത്തേണ്ട പണമാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നതെന്ന് സെബി മേധാവി മാധബി പുരി ബുച്ച് പറഞ്ഞു.

പ്രതിദിന ടേണോവര്‍ 400 ലക്ഷം കോടി രൂപ കവിയുകയും ചെറുകിട നിക്ഷേപകര്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ക്കിടെയാണ് സെബിയുടെ ശുപാര്‍ശകളെന്നത് ശ്രദ്ധേയമാണ്.

ഇതിന്റെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഡെറിവേറ്റീവ് ഇടപാടുകള്‍ക്ക് ഏഴ് പുതുക്കിയ വ്യവസ്ഥകള്‍ നിര്‍ദേശിച്ചു. ഓപ്ഷന്‍ സ്‌ട്രൈക്ക് പ്രൈസ്, ഓപ്ഷന്‍ പ്രീമിയത്തിന്റെ മുന്‍കൂര്‍ കളക്ഷന്‍, മിനിമം കോണ്‍ട്രാക്ട് സൈസ്, ആഴ്ചതോറുമുള്ള കരാര്‍ കാലാവധിയിലെ കുറവ് എന്നിവ ഉള്‍പ്പടെയുള്ളവയാണ് നിര്‍ദേശങ്ങള്‍.

നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്ഇയുടെയും ബിഎസ്ഇയുടെയും ലാഭത്തില്‍ കുറവുണ്ടാകും. എന്നാൽ, ഇക്കാര്യത്തില്‍ സെബിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍എസ്ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെബിയുടെ നിര്‍ദേശ പ്രകാരം എക്‌സ്‌ചേഞ്ചുകള്‍ ഓപ്ഷന്‍ സെഗ്മെന്റിലെ ഓഫറുകള്‍ കുറയ്‌ക്കേണ്ടിവരും. ആഴ്ചതോറുമുള്ള കരാറുകള്‍ക്ക് ഒരൊറ്റ ബെഞ്ച്മാര്‍ക്ക് നിശ്ചയിക്കേണ്ടിവരും. നിലവില്‍ ആഴ്ചയിലെ ഓരോ ദിവസവും ഒരോ സൂചിക അടിസ്ഥാനമാക്കിയുള്ളതാണ് ബെഞ്ച്മാര്‍ക്ക്. ഊഹക്കച്ചവടത്തെ പ്രോത്സാപ്പിക്കുന്നതായതിനാലാണ് സെബി ഇതില്‍ മാറ്റം നിര്‍ദേശിക്കുന്നത്. ഇതോടൊപ്പം മിനിമം കോണ്‍ട്രാക്ട സൈസ് നിലവിലെ അഞ്ച് ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയര്‍ത്താനും സെബി ലക്ഷ്യമിടുന്നു.

വ്യക്തികള്‍ക്കും പ്രൊപ്പ്രൈറ്റര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും 2024 സാമ്പത്തിക വര്‍ഷം ശരാശരി 51,689 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായതായാണ് സെബിയുടെ കണക്ക്.

Comments

    Leave a Comment