ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ

India in to Twenty20 World Cup final

കറക്കിവീഴ്ത്തി ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് സെമിയിൽ 68 റൺസ് വിജയം.

ഗയാന∙ ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കലാശപ്പോരിന് യോഗ്യത നേടി. 

ഈ മാസം 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നതെങ്കിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. 2014 - ൽ   ഫൈനലിൽ എത്തിയ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു.

ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4  ഓവറിൽ 103 റൺസെടുത്തു പുറത്തായപ്പോൾ ഇന്ത്യ 68 റൺസിന്റെ  വിജയം കരസ്ഥമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമയുടേയും ( 39 പന്തിൽ 57 റൺസ് ) സൂര്യകുമാർ യാദവിന്റേയും (36 പന്തിൽ 47 റൺസ് ) ബാറ്റിങ് കരുത്തിലാണ് 171 റൺസെടുത്തത്. ക്രിസ് ജോർദാന്റെ 18–ാം ഓവറിൽ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തിയിയ പാണ്ഡ്യ 13 പന്തുകൾ നേരിട്ട് 23 റൺസെടുത്തു. രവീന്ദ്ര ജഡേജ (9 പന്തിൽ 17) പുറത്താകാതെനിന്നു. 

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ റീസ് ടോപ്‍ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദിൽ റാഷിദ് എന്നിവർ  ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ ഇന്ഗ്ലണ്ടിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. അവസാനം 16.4  ഓവറിൽ 103 റൺസെടുത്തു പുറത്തായി. 19 പന്തിൽ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്‍ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തിൽ‌ 11) എന്നിവരാണ്  ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നവർ.

ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേലും കുൽദീപ് യാദവും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം.

2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരായിരുന്നു ഇന്ത്യ.

Comments

    Leave a Comment