എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന സിപിഎം മുതിര്‍ന്ന നേതാവ് എകെ ബാലന്റെ പരാമര്‍ശത്തിനുള്ള മറുപടി പറഞ്ഞ മന്ത്രി സ്കൂളുകളിൽ പിടിഎ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ റിപ്പോർട്ട് ചെയ്യണമെന്നും യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകൾ വഴി നിയമിക്കുമ്പോൾ പിടി എ നിയമിച്ച വരെ ഒഴിവാക്കനാമെന്നും പറഞ്ഞു.
എയ്ഡഡ് നിയമനം പിഎസ്സിക്ക് : സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സിപിഎം മുതിര്‍ന്ന നേതാവ് എകെ ബാലൻ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
എയ്ഡഡ് നിയമനങ്ങള്‍ പി എസ്‍ സി ക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നു പറഞ്ഞ എ കെ ബാലൻ പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ലെന്നും മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നത് അറിയില്ലെന്നടക്കം തുറന്നടിച്ചത് വൻ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരുന്നു.
നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്നും സ്കൂളുകളിൽ പിടിഎ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ റിപ്പോർട്ട് ചെയ്യണമെന്നും യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകൾ വഴി നിയമിക്കുമ്പോൾ പി ടി എ നിയമിച്ച വരെ ഒഴിവാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം മണക്കാട് ടി ടി ഐ യിൽ കെഎസ്ആർടിസി ക്ലാസ് മുറി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്‍ഡഡ് നിയമനങ്ങൾ പി എസ്‍ സി ക്ക് വിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് എൻ എസ് എസ്സും (NSS) കെ സി ബി സിയും (KCBC) അറിയിച്ചു. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എൻഎസ്എസ് ജനറല്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാൽ നിയമനം സർക്കാർ ഏറ്റെടുക്കുന്നത് അംഗീകരിക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്മെന്‍റ് നിയമം വേണ്ടെന്നും സംവരണം പാലിച്ചുള്ള നിയമനം പിഎസ്‍സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എയ് ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കുമെന്നും ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതെ സമയം മുന്നണിയിൽ ആലോചിക്കാതെ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. എയ്‍ഡഡ് മേഖലയിൽ സർക്കാരിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ പറഞ്ഞു.
Comments