എസ് ബി ഐ ദീർഘകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

SBI hikes interest rates on long-term fixed deposits

മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെയുള്ള ദീർഘകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45 ശതമാനമായും രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.20 ശതമാനമായും അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് പലിശ നിരക്ക് 5.50 ശതമാനമായും വർദ്ധിപ്പിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ദീർഘകാല സ്ഥിര നിക്ഷേപങ്ങളുടെ (FD) പലിശ നിരക്ക് 15 ബേസിസ് പോയിന്റ് (BPS) വരെ വർദ്ധിപ്പിച്ചു. 2022 ഫെബ്രുവരി 15 മുതൽ ഇത്‌ നിലവിൽ വന്നു.

മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെയുള്ള ദീർഘകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.30 ശതമാനത്തിൽ നിന്ന് 5.45 ശതമാനമായും മുതിർന്ന പൗരന്മാരുടെ നിരക്ക് 5.80 ശതമാനത്തിൽ നിന്ന് 5.95 ശതമാനമായി വർധിപ്പിച്ചതായി എസ്ബിഐ അറിയിച്ചു.

രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള ദീർഘകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.10 ശതമാനത്തിൽ നിന്ന് 10 ബേസിസ് പോയിൻറ് വർധിപ്പിച്ച് 5.20 ശതമാനമാക്കിയപ്പോൾ മുതിർന്ന പൗരന്മാരുടെ നിരക്ക് നേരത്തെയുള്ള 5.60 ശതമാനത്തിൽ നിന്ന് 5.70 ശതമാനമായി ഉയർത്തി. 

അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് പലിശ നിരക്ക് നേരത്തെയുണ്ടായിരുന്ന 5.40 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർദ്ധിപ്പിച്ചു. അതുപോലെ മുതിർന്ന പൗരന്മാരുടെ നിരക്കും 6.20 ശതമാനത്തിൽ നിന്ന് 6.30 ശതമാനമായി ഉയർത്തിയാതായി ബാങ്ക് പറഞ്ഞു.

2 കോടി രൂപയിൽ താഴെ മൂല്യമുള്ള ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണ്. എസ്ബിഐ രണ്ട് വർഷം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്കിൽ മാറ്റമില്ല. 2021 ഡിസംബറിൽ, എസ്‌ബി‌ഐ അതിന്റെ അടിസ്ഥാന നിരക്ക് 10 ബി‌പി‌എസ് വർദ്ധിപ്പിച്ചതായി അതിന്റെ വെബ്‌സൈറ്റ് പറയുന്നു. പുതിയ അടിസ്ഥാന നിരക്കായ പ്രതിവർഷം 7.55 ശതമാനം എന്നത് 2021 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും.

Comments

    Leave a Comment