സ്‍കൂളുകള്‍ തുറന്നു : വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമെന്ന് മുഖ്യമന്ത്രി.

Schools open: CM says school is the biggest secular center in the country

സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി(Chief Minister)  പിണറായി വിജയന്‍ (Pinarayi Vijayan) കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണെന്നും  ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും ഉണർത്തി.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ് ഉള്ളതെന്നും കൊവിഡ് കാലത്ത് പോലും നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ഒരു ദുര്‍ഗതി ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണമെന്നും എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അറിയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനം രണ്ടു വർഷത്തെ കൊവിഡ് ഇടവളേയ്ക്ക് ശേഷമാണ് ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടന്നത്. 43 ലക്ഷം കുട്ടികളാണ്  പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്കെത്തുന്നത്.  ഒന്നാം ക്‌ളാസിൽ മാത്രം നാലുലക്ഷം കുട്ടികളാണ് ചേർന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി ബന്ധപ്പെട്ടവർ അറിയിച്ചു.

കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാസ്കും സാനിറ്റൈസറും നിർബന്ധമാണെന്നും ഭക്ഷണം പങ്കുവയ്കകരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.  ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ലെന്നും ബാക്കിയുള്ളയിടങ്ങളിൽ  അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്നും അറിയിച്ചിട്ടുണ്ട്. 

Comments

    Leave a Comment