ഹൈദ്രാബാദിലെ പ്രശസ്തമായ 24 ലക്ഷം രൂപയുടെ ഗണേശ ലഡ്ഡുവിന്റേയും ഇടുക്കിയിലെ 47,000 രൂപ വിലയുള്ള മത്തങ്ങയുടെയും വിശേഷങ്ങൾ അറിയാം
ഹൈദ്രാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡുവിന്റെ ലേലം എല്ലാ പ്രാവശ്യവും പോലെ ഈ പ്രാവശ്യവും കെങ്കേമമായി നടന്നു.
10 ദിവസത്തെ ഗണേശ ആഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ചയാണ് ഗണേശ ലഡ്ഡു ഭക്തർക്കിടയിൽ ലേലം ചെയ്തത്. 21 കിലോ വരുന്ന ലഡ്ഡു 24.60 ലക്ഷം രൂപയ്ക്കാണ് ഇത്തവണ ലേലം ചെയ്തത്. ഈ വർഷം ലഡുവിന് ഏകദേശം 20 ലക്ഷം രൂപ വരെ ലേലം വിളിക്കുമെന്നാണ് ബാലാപൂർ ഉത്സവ് സമിതി പ്രതീക്ഷിച്ചിരുന്നത്.
വംഗേട്ടി ലക്ഷ്മ റെഡ്ഡി എന്ന പ്രാദേശിക വ്യവസായിയാണ് ലഡു ലേലത്തിൽ വാങ്ങിയത്. 'കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ലേലത്തിൽ വിജയിക്കണമേ എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഭഗവാൻ ഗണേശന്റെ അനുഗ്രഹം കൊണ്ട് ഈ വർഷം അത് യാഥാർത്ഥ്യമായി. ഈ ലഡു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഇടയിൽ വിതരണം ചെയ്യും' എന്ന് ലക്ഷ്മറെഡ്ഡി പറഞ്ഞു.
ലഡ്ഡു തങ്ങൾക്ക് ഭാഗ്യം, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ നൽകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5.7 ലക്ഷം രൂപയിലധികം വിലയ്ക്കാണ് ഈ വർഷം ലഡു വിറ്റത്. വൈ എസ് ആർ സി പി നേതാവ് ആർവി രമേഷ് റെഡ്ഡി 18.9 ലക്ഷത്തിനാണ് 2021 -ൽ ലഡ്ഡു സ്വന്തമാക്കിയത്.
29-ാമത് വാർഷിക ലേലം നടത്തിയ ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ വൻതോതിൽ തടിച്ചുകൂടിയ ഭക്തരുടെ ആർപ്പുവിളികൾക്കിടയിൽ സ്വർണം പൂശിയ ലഡ്ഡു വിജയി വംഗേട്ടി ലക്ഷ്മറെഡ്ഡിക്ക് കൈമാറി.ഗോൾഡൻ ലഡു ആദ്യമായി ലേലത്തിന് വെച്ചപ്പോൾ 450 രൂപയ്ക്കാണ് വിറ്റത്. ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക ബാലാപൂർ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
ലഡ്ഡു അങ് ഹൈദ്രാബാദിൽ ആയിരുന്നുവെങ്കിൽ മത്തങ്ങ ലേലം കേരളത്തിലെ ഇടുക്കിയിലായിരുന്നു.
ഇടുക്കി ചെമ്മണ്ണാറിൽ നടത്തിയ ഓണാഘോഷത്തിലെ ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റുപോയത്.
സാധാരണ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ് എന്നാണ് ഓണാഘോഷ കമ്മിറ്റിയുടെ അഭിപ്രായം. മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ച് കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി.
സംഘാടകർക്ക് ആരോ സൗജന്യമായി നൽകിയ മത്തങ്ങ ലേലത്തിനൊടുവിൽ ചരിത്രത്തിൻ്റെ ഭാഗമായി മാറി.
Comments