അല്‍ ദൈദ് ഡെയ്റ്റ്‌സ് ഫെസ്റ്റിവല്‍ : ജൂലൈ 24 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍.

Al Dhaid Dates Festival: Until July 24 at the Sharjah Expo Centre.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ജൂലൈ 22 മുതൽ 24 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുന്ന അല്‍ ദൈദ് ഡെയ്റ്റ്‌സ് ഫെസ്റ്റിവലിലെ ഇത്തവണത്തെ താരം മൂന്ന് ഇഞ്ച് നീളവും ഒന്നര മീറ്റര്‍ വ്യാസവുമുള്ള ഹൈബ്രിഡ് ഈത്തപ്പഴമാണ്.

ദുബായ്: ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മഖ്യ സംഘാടകരാകുന്ന  അല്‍ ദൈദ് ഡെയ്റ്റ്‌സ് ഫെസ്റ്റിവല്‍ എന്ന് മുതൽ  ജൂലൈ 24 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്നു. ദി അരോമ ഓഫ് പാസ്റ്റ്... ദി ബ്ലോസമിംഗ് പ്രസെന്റ് എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ തീം.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച അമ്പതിലേറെ മുന്തിയ ഇനം ഈത്തപ്പഴങ്ങളുമായിട്ടാണ്  അല്‍ ദൈദ് ഡെയ്റ്റ്‌സ് ഫെസ്റ്റിവല്‍ ഇത്തവണ വന്നിരിക്കുന്നത്. ഒരു സോയാബീന്റെ അത്ര ചെറുതു മുതല്‍ കോഴിമുട്ടയുടെ വലിപ്പം വരെയുള്ള ചെറുതും വലുതുമായ വ്യത്യസ്ത തരം ഈത്തപ്പഴങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്.

ഈത്തപ്പഴത്തിന്റെ ഗുണനിലവാരം, വലിപ്പം എന്നിവയുടെ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ ഈ മേളയിൽ നൽകുന്നതിനാൽ കര്‍ഷകര്‍ തങ്ങളുടെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മൂന്ന് ഇഞ്ച് നീളവും ഒന്നര മീറ്റര്‍ വ്യാസവുമുള്ള ഹൈബ്രിഡ് ഈത്തപ്പഴമാണ് ഇത്തവണത്തെ ഫെസ്റ്റിവലിലെ താരം. എന്നാല്‍ ഇത്തവണ ഇത് വെറും പ്രദര്‍ശനത്തിനായി മാത്രം എത്തിച്ചതാണെന്നും പണം നല്‍കി വാങ്ങാന്‍ അവസരമില്ലെന്നും  അധികം വൈകാതെ തന്നെ ഈ ഈത്തപ്പഴം വിപണിയിലെത്തുമെന്നാണ് ഉല്‍പ്പാദകര്‍ പറയുന്നത്. ഇത്തരം ഈത്തപ്പഴങ്ങള്‍ കൃഷി ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ട കര്‍ഷകനും ഗവേഷനകനും കഴിഞ്ഞ 30 വര്‍ഷമായി ഈത്തപ്പഴ കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  ഡോ. റാശിദ് മസ്‌റൂയി, സങ്കര ഇനം ഈത്തപ്പഴങ്ങളാണ് കൂടുതല്‍ രുചികരവും തിന്നാല്‍ സുഖമുള്ളതുമെന്നും പറഞ്ഞു. 

കുറഞ്ഞ വിലയ്ക്ക് മികച്ച ഈത്തപ്പഴ വൈവിധ്യങ്ങള്‍ സ്വന്തമാക്കാനാകും എന്നതാണ് മേളയുടെ സവിശേഷതയായി കണക്കാക്കുന്നത്. ഖലാസ്, കനീസി തുടങ്ങിയ  ഈത്തപ്പഴ ഇനങ്ങള്‍ക്കാണ് വന്‍ ഡിമാന്റ്. ഈത്തപ്പഴങ്ങളുടെ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ 145 വിഭാഗങ്ങളിലായി 10 ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് മേളയില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നതുകൊണ്ട് ഏറ്റവും മികച്ചതും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശെയ്ഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെ 
ലോകത്തിലെ ഏറ്റവും വലിയ 10 ഈത്തപ്പഴ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് പറഞ്ഞു. രാജ്യത്തിന്റെ ഇറക്കുമതി കയറ്റുമതി വരുമാനത്തിന്റെ 30 ശതമാനവും ഈത്തപ്പഴ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 24 വരെ നീണ്ടു നില്‍ക്കുന്ന ഈത്തപ്പഴ ഉല്‍സവത്തില്‍ ആദ്യ ദിവസം മുതലേ നല്ല തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് സംഘാടകർ പറഞ്ഞു. ഏറ്റവും മികച്ച ഈത്തപ്പഴം വാങ്ങാനും അവയുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഈത്തപ്പനയോലകള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ ലഭ്യമാക്കാനുമായി ഒട്ടേറെ പേര്‍ എത്തുന്നതായി സംഘാടകര്‍ അറിയിച്ചു.

Comments

    Leave a Comment