പത്ത് ഏക്കറിലേറെ എസ്റ്റേറ്റ് ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി : വ്യവസായ മന്ത്രി

Permission for Private Industrial Parks for those with more than 10 acres of estate land: P Rajeev

സംസ്ഥാനത്ത് ചെറുകിട സ്വകാര്യ മേഖലയിൽ സ്വകാര്യ കന്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് ചുരുങ്ങിയത് പത്ത് ഏക്കർ സ്ഥലം ഉണ്ടെങ്കിൽ സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും.

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി. 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം എന്ന് വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് ചെറുകിട സ്വകാര്യ മേഖലയിൽ സ്വകാര്യ കന്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. ചുരുങ്ങിയത് പത്ത് ഏക്കർ എങ്കിലും സ്ഥലം വേണം എന്നതാണ് നിബന്ധന. പരമാവധി 3 കോടി രൂപ വരെ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ  അനുവദിച്ച് നൽകും. വിശദാംശങ്ങള്‍ പരിശോധിച്ച്  7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നൽകുക.

മേയിൽ സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടുമെന്നും ഇതുവരെ പാർക്കിനായി 20 അപേക്ഷകൾ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖല സ്ഥാപനങ്ങളിൽ 20 എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം ഉണ്ടാക്കിയെന്നും 3884 കോടിയുടെ വിറ്റുവരവോടെ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തനലാഭത്തിൽ 245 ശതമാനം വർധനയുണ്ടാക്കിയെന്നും പി രാജീവ് പറഞ്ഞു. നിരന്തരമായ ഇടപെടലുകളിലൂടെയാണ് മികച്ച നേട്ടത്തിലേക്കെത്തിയതെന്നും മന്ത്രി.

Comments

    Leave a Comment