ഇന്ന് മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം

Night Curfew in Kerala from today Onwards

ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം എന്നുമാണ് നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതായി സർക്കാർ പ്രഖ്യാപിച്ചു.ഒമിക്രോൺ വ്യാപനം കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.  രാത്രി പത്തു മണിക്ക് ശേഷം മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. 

ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ക്ലബുകൾ,  ബാറുകൾ, തിയേറ്ററുകൾ തുടങ്ങി സമസ്തമേഖലകളിലും നിയന്ത്രണത്തിന് നിർദ്ദേശമുണ്ട്. തിയേറ്ററുകളിലെ പതിവ് സെക്കൻറ് ഷോക്കും ഈ കാലയളവിൽ വിലക്കുണ്ട്. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി നിജപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു.

പുതുവത്സര രാവായ  ഡിസംബർ 31ന് രാത്രി 10ന് ശേഷം ആഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  യാതൊരുവിധ ആഘോഷപരിപാടികളും അനുവദിക്കില്ല എന്നാണ് ഉത്തരവിൽ ഉള്ളത്.വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കുന്നതിനോടൊപ്പം കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായും വിന്യസിക്കും.

അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം എന്നുമാണ്  നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്ത്  രാത്രികാല നിയന്ത്രണത്തിലെ തീരുമാനം പുനഃപരിശോദിക്കുന്നതാണ്

Comments

    Leave a Comment