ജൂലൈ മാസത്തെ ശമ്പളം ഇനിയും പൂർണ്ണമായി വിതരണം ചെയ്യാത്ത കെ എസ് ആർ ടി സി, കെ-സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് ഓണത്തിന് 3000 രൂപ അഡ്വാൻസ് പ്രഖ്യാപിച്ചു.
സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന കെ എസ് ആർ ടി സി, കെ-സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ചു.
ജൂലൈ മാസത്തെ ശമ്പളം കെഎസ്ആർടിസിയിൽ ഇനിയും വിതരണം ചെയ്യാനായിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി തുടര്‍ച്ചയായി രണ്ടാം ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. അതെ സമയം തൊഴിലാളികളെ ചർച്ചയ്കക്ക് വിളിച്ചതിനെ കോടതി വിമർശിച്ചു. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി പരിഗണിക്കുന്നതിനിടെ, കെഎസ്ആർടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന് കോടതിയുടെ പരാമര്‍ഷിച്ചു. ഹർജി ഈ മാസം 24ന് കോടതി വീണ്ടും പരിഗണിക്കുന്നതാണ്.
കാര്യങ്ങൾ എങ്ങനെ പോകുന്നതിനിടയിലാണ് കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് കെഎസ്ആർടിസി ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ചത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ സെപ്തംബർ ആദ്യ വാരം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഈ തുക പിന്നീട് ഒക്ടോബറിലെ ശമ്പളം മുതൽ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്ത, എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കാണ് ഓണം അഡ്വാൻസ് നൽകുക എന്നും സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓണം അഡ്വാൻസ് ആവശ്യമുള്ളവർ, അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്ന സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം.
കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. 12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് അറിയിച്ച യൂണിയനുകളുടെ 8 മണിക്കൂർ കഴിഞ്ഞ് ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. നിലവിലെ നിയമം അനുസരിച്ച് നടപ്പിലാക്കുന്നതിൽ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
Comments