ദേശീയ വിദ്യാഭ്യാസ ദിനം - നവംബർ 11 : ചരിത്രവും പ്രാധാന്യവും

National Education Day - November 11: History and Significance സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബുൽ കലാം ആസാദ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി 1947 മുതൽ 1958 വരെ സേവനമനുഷ്ഠിച്ച മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി നവംബർ 11 ന് ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിക്കാൻ 2008 സെപ്തംബർ 11-ന്, വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സമൂഹത്തിലെ പകുതിയോളം വരുന്ന സ്ത്രീകളുടെ പുരോഗതിക്ക് പരിഗണന നൽകുന്നില്ലെങ്കിൽ ദേശീയ വിദ്യാഭ്യാസം ഉചിതമാകില്ലെന്ന് 1949-ലെ സെൻട്രൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന 1992-ൽ മരണാനന്തര ബഹുമതിയായി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

2008 സെപ്തംബർ 11-ന് മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് ആ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്ന വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി നവംബർ 11 ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം 1947 മുതൽ 1958 വരെ സേവനമനുഷ്ഠിച്ചു.
 
ജനനം 

മൗലാന അബുൽ കലാം ആസാദ് എന്നറിയപ്പെടുന്ന അബുൽ കലാം ഗുലാം മുഹിയുദ്ദീൻ 1888-ൽ സൗദി അറേബ്യയിലെ മക്കയിൽ ജനിച്ചു. അദ്ദേഹത്തിന്റെ മാതാവ് അറബിയും ഷെയ്ഖ് മുഹമ്മദ് സഹേർ വാത്രിയുടെയും മകളായിരുന്നു. ആസാദിന്റെ പിതാവ് അഫ്ഗാൻ വംശജനായ ഒരു ബംഗാളി മുസ്ലീമായിരുന്ന  മൗലാന ഖൈറുദ്ദീൻ ആയിരുന്നു.  ശിപായി ലഹളക്കാലത്ത് അറബിയിൽ വന്ന് മക്കയിലേക്ക് പോയി അവിടെ താമസമാക്കിയ കുടുംബം  1890-ൽ അബുൽ കലാമിന് രണ്ട് വയസ്സുള്ളപ്പോൾ കൽക്കട്ടയിലേക്ക് മടങ്ങി.

വിദ്യഭ്യാസം 

പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസമാണ് ആസാദിന് ലഭിച്ചിരുന്നത്. ആദ്യം അച്ഛനും പിന്നീട് അതാത് മേഖലകളിൽ പ്രഗത്ഭരായ അധ്യാപകരും അദ്ദേഹത്തെ വീട്ടിൽ വന്ന് പഠിപ്പിച്ചു. ആദ്യം അറബിയും പേർഷ്യനും പഠിച്ച ആസാദ്, പിന്നെ ഫിലോസഫി, ജ്യാമിതി, ഗണിതം, ബീജഗണിതം എന്നിവയും പഠിച്ചു. സ്വയം പഠനത്തിലൂടെ ഇംഗ്ലീഷ്, ലോകചരിത്രം, രാഷ്ട്രീയം എന്നിവയും അദ്ദേഹം പഠിച്ചു. ഹിന്ദുസ്ഥാനി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും ആസാദിന് അറിയാമായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹം ബ്രിട്ടീഷ് നയങ്ങളെ വിമർശിക്കാൻ വേണ്ടി  1912-ൽ ഉറുദുവിൽ അൽ-ഹിലാൽ എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു. മുസ്ലീങ്ങൾക്കിടയിൽ കൂടുതൽ സ്വാതന്ത്ര്യ സമര വിപ്ലവകാരികളെ സൃഷ്ടിക്കുന്നതിൽ ഈ വരിക നല്ല പങ്കു വഹിച്ചിട്ടുണ്ട്. മോർലി-മിന്റോ പരിഷ്‌കാരങ്ങൾക്ക് ശേഷം ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ സൃഷ്ടിച്ച മോശം രക്തചൊരിച്ചിലിന്  ശേഷം ഹിന്ദു-മുസ്ലിം ഐക്യം രൂപപ്പെടുത്തുന്നതിൽ അൽ-ഹിലാൽ ഒരു പ്രധാന പങ്ക് വഹിച്ചു. അൽ-ഹിലാൽ തീവ്രവാദ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വിപ്ലവ മുഖപത്രമായി മാറുകയും, വിഘടനവാദ വീക്ഷണങ്ങളുടെ പ്രചാരകനായി സർക്കാർ അൽ ഹിലാലിനെ കണക്കാക്കുകയും 1914-ൽ അത് നിരോധിക്കുകയും ചെയ്തു.


അൽ-ഹിലാൽ നിരോധിച്ചതിന് ശേഷം അദ്ദേഹം മറ്റൊരു വാരികയായ  അൽ - ബലാഗ് ആരംഭിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ദേശീയതയും വിപ്ലവ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന അതേ ദൗത്യം തന്നെയായിരുന്നു ഈ വരികയിലൂടെയും അദ്ദേഹം ശ്രമിച്ചത്. 1916-ൽ ഗവൺമെന്റ് ഈ പത്രവും നിരോധിക്കുകയും മൗലാനാ അബുൽ കലാം ആസാദിനെ കൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് നാടുകടത്തുകയും ചെയ്തു.

1930-ൽ ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി ഉപ്പ് നിയമങ്ങൾ ലംഘിച്ചതിന് മൗലാന ആസാദ് അറസ്റ്റിലാവുകയും  ഒന്നര വർഷത്തോളം മീററ്റ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് 

കൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് നാടുകടത്തപ്പെട്ട ആസാദിനെ 
1920-ലെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷ് ഭരണകൂടം വിട്ടയച്ചത്. ഗാന്ധിജി ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ച് 1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവേശിച്ച അദ്ദേഹം,  തന്റെ 35 -മത്തെ വയസിൽ, ഡൽഹിയിൽ 1923 - ൽ  ചേർന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ  പ്രസിഡന്റായി അദ്ദേഹം മാറി.

ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി അറസ്റ്റിലായി ജയിൽമോചിതനായ ശേഷം, അദ്ദേഹം വീണ്ടും 1940-ൽ വീണ്ടും കോൺഗ്രസിന്റെ പ്രസിഡന്റാവുകയും 1946 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

വിദ്യാഭ്യാസത്തിനു വേണ്ടി 

രാജ്യത്തിന്റെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിൽ  അസദിന്റെ പങ്ക് വളരെ വലുതാണ്.1920-ൽ ഇന്ത്യയിലെ  അലിഗഢിൽ സ്ഥാപിതമായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ, ആദ്യത്തെ ഐ ഐ ടി, ഐ ഐ എസ്‌ സി, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നിവ സ്ഥാപിക്കപ്പെട്ടു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവയുൾപ്പെടെ ഏറ്റവും പ്രമുഖമായ സാംസ്കാരിക, സാഹിത്യ അക്കാദമികളും സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ്.

സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി ആസാദ് ശക്തമായി വാദിച്ചു. സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകളുടെ പുരോഗതിക്ക് പരിഗണന നൽകുന്നില്ലെങ്കിൽ ദേശീയ വിദ്യാഭ്യാസം ഉചിതമാകില്ലെന്ന് 1949-ലെ സെൻട്രൽ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനായി അദ്ദേഹം ഊന്നിപ്പറയുകയും വിദ്യാഭ്യാസ നേട്ടങ്ങൾക്കായി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണമെന്ന് വാദിക്കുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ തന്നെ നൽകുന്നതാണ് ഉചിതമെന്ന് അദ്ദേഹം വിശ്വസിച്ചു.

അദ്ധ്യാപകർ വിദ്യാർത്ഥികളിൽ അന്വേഷണ മനോഭാവം, സർഗ്ഗാത്മകത, സംരംഭകത്വം, ധാർമിക നേതൃത്വം എന്നിവയുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരുടെ മാതൃകയാകുകയും വേണം എന്നത് മൗലാന അബുൽ കലാം ആസാദിന്റെ പ്രധാന ഉദ്ധരണികളിൽ ഒന്നാണ്.

ദേശീയ വിദ്യാഭ്യാസ ദിനം: പ്രാധാന്യം

എല്ലാ വർഷവും നവംബർ 11  ന് സ്‌കൂളുകളിൽ രസകരവും വിജ്ഞാനപ്രദവുമായ വിവിധ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഉപന്യാസ രചനകൾ, റാലികൾ തുടങ്ങിയവ നടത്തി ആ ദിവസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പകർന്നു നൽകാറുണ്ട്. സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന് അന്നേ ദിവസം ചർച്ച ചെയ്യുന്നു.

Comments

    Leave a Comment