പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ഏകദേശം 509 കോടി ലിറ്റർ പെട്രോളാണ് ഇതിലൂടെ ലാഭിച്ചത്. 2070 ഓടെ സീറോ കാർബൺ എമിഷൻ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. എഥനോൾ കലർന്ന പെട്രോൾ എഞ്ചിനുകളെ ബാധിക്കുമോ ?
2022-23 ൽ 24,300 കോടി രൂപയുടെ വിദേശനാണ്യം പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ മാത്രം ലാഭിക്കാനായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോൾ 99.9% ശുദ്ധമായ ആൽക്കഹോൾ ആണ്. ഇത് പെട്രോളുമായി കൂട്ടി കലർത്തി ശുദ്ധമായ ബദൽ ഇന്ധനം ഉണ്ടാക്കുക വഴി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഇതിലൂടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMC) ഏകദേശം 509 കോടി ലിറ്റർ പെട്രോളാണ് ലാഭിച്ചത്. 108 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ ബഹിർഗമനം കുറയ്ക്കാനും ഇതിലൂടെ കഴിഞ്ഞുവെന്ന് കണക്കുകൾ പറയുന്നു.
എഥനോൾ തന്മാത്രകളിൽ ഓക്സിജൻ അടങ്ങിയിരിക്കുന്നതിനാൽ നന്നായി ജ്വലിക്കുന്നു. സമാനമായ ജ്വലന സവിശേഷതകൾ കാരണം, പെട്രോൾ എഞ്ചിനുകളിൽ എഥനോൾ ഉപയോഗിക്കാം. ചില എഞ്ചിനുകൾ ചെറിയ ശതമാനം എഥനോൾ കലർത്തി പെട്രോൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവ പൂർണ്ണമായും എഥനോൾ മാത്രം ഉപയോഗിക്കുന്നു. മാത്രമല്ല ജൈവവസ്തുക്കളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ എഥനോൾ ഒരു പുനരുൽപ്പാദിപ്പിക്കാവുന്ന ഇന്ധനമായും കണക്കാക്കപ്പെടുന്നു.
2003 ജനുവരിയിൽ, ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങൾ 5% എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ തുടങ്ങി. 2006-ൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ അംഗീകാരം ലഭിച്ചതോടെ 10 സംസ്ഥാനങ്ങൾ കൂടി ഇത് ഉപയോഗിക്കാൻ തുടങ്ങി. മിശ്രിതത്തിന്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടതിന് ശേഷം 2019 ഏപ്രിൽ 1 മുതൽ എല്ലാ പെട്രോളിയം കമ്പനികൾക്കും 10% എഥനോൾ പെട്രോളിൽ കലർത്താൻ അനുവദിച്ചു.
2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2070 ഓടെ സീറോ കാർബൺ എമിഷൻ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇത് മുൻനിർത്തി ഹരിത മാർഗങ്ങളിലേക്ക് മാറാൻ വിവിധ വ്യാവസായിക മേഖലകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബയോഗ്യാസ്-നാചുറൽ ഗ്യാസ് മിക്സിങ്, ബയോ ഡീസലിന്റെ ഉപയോഗം, ധാന്യങ്ങൾ, ഫാം വേസ്റ്റ് എന്നിവയിൽ നിന്നുള്ള എഥനോൾ ഉല്പാദനം തുടങ്ങിയവയ്ക്കും മുൻഗണന നൽകി വരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ, വിവിധ സംസ്ഥാനങ്ങളിലായി,ഫാം വേസ്റ്റ് ഉപയോഗിച്ച് എഥനോൾ ഉല്പാദിപ്പിക്കാനായി 12 പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.
ആദ്യകാലം മുതൽ തന്നെ എഥനോൾ കലർന്ന പെട്രോൾ എഞ്ചിനുകളെ ബാധിക്കുമോ എന്ന ആശങ്ക വാഹന ഉടമകൾക്ക് ഉണ്ടായിരുന്നു. 5% മിശ്രിതം എഞ്ചിനുകളെ ബാധിച്ചേക്കില്ലെങ്കിലും 10% മിശ്രിതം പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് പറയുന്നത്.
എഥനോളിന്റെ അളവ് കൂടുന്നത് ചില പ്ലാസ്റ്റിക്, റബ്ബർ, അലൂമിനിയം ഘടകങ്ങൾക്ക് കേടുവരുത്തും. ഇത് ഇന്ധന പൈപ്പുകൾ, ഇൻജക്ടറുകൾ, ഹോസുകൾ എന്നിവയുടെ ദൈർഘ്യത്തെ ബാധിച്ചേക്കാം. എഥനോളിന് പെട്രോളിനേക്കാൾ ഉയർന്ന ജ്വലന നിരക്ക് ഉണ്ടെങ്കിലും, അതിൽ കുറഞ്ഞ ഊർജ്ജം അടങ്ങിയിരിക്കുന്നതിനാൽ ഇന്ധനക്ഷമതയെ അൽപ്പം ബാധിക്കും. പഴയ വാഹനങ്ങളാണെങ്കിൽ, ചില ഘടകങ്ങളെങ്കിലും മാറ്റേണ്ടിയും വരും.
ഇത്തരം പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട്, ഫ്ലെക്‌സ് എഞ്ചിനുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ നിർമ്മാതാക്കളോട് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലെക്സ് എഞ്ചിനുകൾക്ക് ഏത് അനുപാതത്തിലും രണ്ട് വ്യത്യസ്ത ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.അതായത്, ഒന്നുകിൽ 100% പെട്രോൾ അല്ലെങ്കിൽ 100% എത്തനോൾ അല്ലെങ്കിൽ ഏതെങ്കിലും അനുപാതത്തിൽ ഇവ രണ്ടും കൂടിച്ചേർന്നതും ഉപയോഗിക്കാവുന്നതാണ്.
എഞ്ചിന്റെ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, ഫ്യൂവൽ പൈപ്പുകൾ, കൺട്രോൾ സിസ്റ്റം എന്നിവയിൽ ഇതിനായി ക്രമീകരണം ആവശ്യമാണ്. പെട്രോൾ എഞ്ചിനും എത്തനോൾ യൂണിറ്റിനും ഇഞ്ചക്ഷൻ പ്രഷർ, ഘർഷണം, എഞ്ചിൻ സമയം എന്നിവ വ്യത്യസ്തമായിരിക്കും. ഇത് രണ്ടിന്റെയും മിശ്രിതമാണെങ്കിൽ, ഫ്ലെക്സ് എഞ്ചിന്റെ കൺട്രോൾ യൂണിറ്റ് അതിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുന്നു.
നിലവിലുള്ള വാഹനങ്ങൾക്ക് ഇസിയുവും പോർട്ട് ഇഞ്ചക്ഷനും ഉള്ള ഏതൊരു പെട്രോൾ എഞ്ചിനും ഫ്ലെക്സ് യൂണിറ്റായി രൂപാന്തരപ്പെടുത്തുന്നതിന് കൺവേർഷൻ കിറ്റ് ഉപയോഗിക്കാവുന്നതാണ്.
Comments