2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി. 2023 മെയ് 19 നായിരുന്നു 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.
2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. 88 ശതമാനവും നോട്ടുകൾ തിരിച്ചെത്തിയതോടെ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ 0.42 ലക്ഷം കോടി രൂപയായി എന്ന് ആർ ബി ഐ യുടെ പ്രസ്താവനയിൽ പറയുന്നു. തിരിച്ചെത്തിയ നോട്ടുകളിൽ ഏകദേശം 87 ശതമാനം നിക്ഷേപമായും ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങിയിട്ടുള്ളതായും ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു..
പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 2000 രൂപ നോട്ടുകളിൽ 50 ശതമനാവും തിരിച്ചെത്തിയതായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും കൂടുതൽ നോട്ടുകൾ നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്താദാസ് വ്യക്തമാക്കിയിരുന്നു.
കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ, അടുത്ത രണ്ട് മാസം തങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും/അല്ലെങ്കിൽ മാറ്റി വാങ്ങാനും ആയി ഉപയോഗിക്കണമെന്ന് റിസർവ് ബാങ്ക് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.














Comments