ഇന്ത്യയിലെ നിക്ഷേപങ്ങൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

Foreign Investors selling investments in India

ഡെറിവേറ്റീവ് ട്രേഡുകളിലും ഇക്വിറ്റി നിക്ഷേപങ്ങളിൽ നിന്നുള്ള മൂലധന നേട്ടത്തിലും സർക്കാർ നികുതി ഉയർത്തിയതിനെത്തുടർന്നാണ് നിക്ഷേപർ നിക്ഷേപം വിറ്റഴിക്കുന്നത്.

ഇന്ത്യയിലെ നിക്ഷേപങ്ങൾ വലിയ തോതിൽ വിറ്റഴിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ. കേന്ദ്ര ബജറ്റിന് ശേഷമാണ് ഈ പ്രവണത കൂടുതൽ ശക്തമായത്.

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഏകദേശം 10,710 കോടി രൂപയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കേന്ദ്ര ബജറ്റിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ പിൻവലിച്ചത്. ഡെറിവേറ്റീവ് ട്രേഡുകളിലും ഇക്വിറ്റി നിക്ഷേപങ്ങളിൽ നിന്നുള്ള മൂലധന നേട്ടത്തിലും സർക്കാർ നികുതി ഉയർത്തിയതിനെത്തുടർന്നാണ് നിക്ഷേപർ നിക്ഷേപം വിറ്റഴിക്കുന്നത്. 

ദീർഘകാല മൂലധന നേട്ടത്തിന് (LTCG) നികുതി നിരക്ക് എല്ലാത്തരം ആസ്തികൾക്കും 12.5 ശതമാനമാക്കാനുള്ള നിർദ്ദേശമാണ് പുതിയ ബജറ്റിലുള്ളത്. ചില ആസ്തികളിലെ ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമായും ദീർഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായുമായണ് ബജറ്റിൽ  ഉയർത്തിയത്. എന്നാൽ ദീർഘകാല മൂലധന നേട്ടത്തിന് കീഴിലുള്ള ഇളവ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

എഫ്‌ പി ഐ (FPI) കൾ ജൂലൈ 23-ന് 2,975 കോടി രൂപയുടെ നിക്ഷേപവും ജൂലൈ 24-ന്  5,130 കോടി രൂപയുടെ നിക്ഷേപവും, ജൂലൈ 25-ന് 2,605 കോടിയുടെ നിക്ഷേപവും വിറ്റു. ബജറ്റിന് മുന്നോടിയായി, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ജൂലൈ 12 നും 22 നും ഇടയിൽ ഏകദേശം 18,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. 

ആഭ്യന്തര സ്ഥാപന നിക്ഷേപകർ ജൂലൈ 23 മുതൽ ഏകദേശം 6,900 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Comments

    Leave a Comment