ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിൽ.

India's Seafood Exports record Rs.72000 crore

പകരം തീരുവ പ്രശ്നത്തിൽ അമേരിക്കയിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തെക്കാൾ കുറഞ്ഞിട്ടും സമുദ്രോൽപന്ന കയറ്റുമതി അളവിൽ 5.59 ശതമാനവും മൂല്യത്തിൽ 6.46 ശതമാനവും ഉയർന്നു. ശീതീകരിച്ച ചെമ്മീൻ തന്നെയാണു കയറ്റുമതിയിൽ മുന്നിൽ

2025-26ൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. സമുദ്രോൽപന്ന കയറ്റുമതി മൂല്യം ചരിത്രത്തിലാദ്യമായി 72,000 കോടി രൂപ കടന്നു.

പകരം തീരുവ പ്രശ്നത്തിൽ  അമേരിക്കയിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തെക്കാൾ കുറഞ്ഞിട്ടും കൈവരിച്ച നീ നേട്ടത്തിന് പ്രാധാന്യമേറെയാണ്. ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളാണു ഇന്ത്യയുടെ ഈ വളർച്ചയ്ക്കു പിൻബലമായത്. 

സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കു പ്രകാരം 2025-26 -ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 19,32,347 മെട്രിക് ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷത്തെ കയറ്റുമതി അളവ് 18,29,945 മെട്രിക് ടണ്ണായിരുന്നു. അളവിൽ 5.59 ശതമാനം വളർച്ച. കഴിഞ്ഞ വർഷം 67,936.93 കോടി രൂപയുമായിരുന്ന മൂല്യം ഈ വർഷം 72,325.82 കോടി രൂപയാണ്. അതായത് മൂല്യത്തിൽ 6.46 ശതമാനം വളർച്ച.

മുൻവർഷങ്ങളിലെ പോലെ തന്നെ ശീതീകരിച്ച ചെമ്മീൻ തന്നെയാണു കയറ്റുമതിയിൽ മുന്നിൽ. ആകെ കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ടും ഈ ഇനത്തിൽ‌ നിന്നാണ്.ആകെ കയറ്റുമതി അളവിൽ 43.73 ശതമാനവും (8,45,012 മെട്രിക് ടൺ) ഡോളർ വരുമാനത്തിൽ 66.61 ശതമാനവും (47,973.13 കോടി രൂപ) ചെമ്മീനാണ്.

ശീതീകരിച്ച മത്സ്യം, കണവ, കൂന്തൽ, ഉണക്കമീൻ, ജീവനുള്ള ഇനങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വർധനയുണ്ടായപ്പോൾ തണുപ്പിച്ച ഉൽപന്നങ്ങളുടെ കയറ്റുമതി അളവും മൂല്യവും കുറഞ്ഞു. സുരിമി, സുരിമി അനലോഗ് ഉൽപന്നങ്ങൾ, ഫിഷ്മീൽ, ഫിഷ് ഓയിൽ എന്നിവയുടെ കയറ്റുമതിയും ഉയർന്നു.

മുൻ വർഷത്തെക്കാൾ ഇടിവുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി യുഎസ് തുടരുന്നു. മൊത്തം കയറ്റുമതി മൂല്യത്തിന്റെ 28.11%  (2.32 ബില്യൻ ഡോളർ) യുഎസിൽ നിന്നായിരുന്നു. പകരം തീരുവ കാരണം മുൻവർഷത്തെ അപേക്ഷിച്ച് ഡോളർ മൂല്യത്തിൽ 14.5%, അളവിൽ 19.8% എന്നിങ്ങനെ ഇടിവുണ്ടായി.

അളവിൽ 20.1 ശതമാനവും മൂല്യത്തിൽ 22.7 ശതമാനവും വളർച്ച നേടി ചൈനയിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിപണിയായി മാറിയപ്പോൾ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി അളവിൽ 35.2%, മൂല്യത്തിൽ 37.9% വർധിച്ചു. 

തെക്കുകിഴക്കൻ ഏഷ്യയിലേക്ക് അളവിൽ 28.2%, മൂല്യത്തിൽ 36.1% വളർച്ച നേടി. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ മൂല്യത്തിൽ 6.55% വളർച്ചയുണ്ട്.

Comments

    Leave a Comment