ഡൗണ്‍സിന്‍ഡ്രോം,ഓട്ടിസം കുട്ടികള്‍ക്ക് ' കവചം ' ഒരുക്കി ഡേ ഡ്രീംസ്

Day Dreams to support Down syndrome and autism children ഡേ ഡ്രീംസ് ആരംഭിക്കുന്ന കവച് പദ്ധതി സംബന്ധിച്ച് ബിജീഷ് കണ്ണാംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു. സുജാതാ മേനോന്‍, സ്മിതാ സജിത്. ലീനാ ജോസഫ്, ഡോ. റിജോ മാത്യു, ഡോ. രമേഷ് ഷേണായ്, അജിത് കുമാര്‍ പട്ടത്ത് എന്നിവര്‍ സമീപം

രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നാളെ.

ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്കും , അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ  ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന  കവച് പദ്ധതിയുടെ ലോഗോ പ്രകാശനവും  രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നവംബര്‍ 30 ന് രാവിലെ 11 ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ്, ഡേ ഡ്രീംസ് പ്രതിനിധികളായ ബിജീഷ് കണ്ണാംകുളത്ത്, അജിത് കുമാര്‍ പട്ടത്ത്, സുജാതാ മേനോന്‍, ലീനാ ജോസഫ്, സ്മിതാ സജിത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ (ഐ.ആര്‍.ഐ.എ)  ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച്  ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പദ്ധതിയുടെ ലോഗോ പ്രകാശനവും റെഡ് ക്രോസ് കേരള ചെയര്‍മാന്‍  അഡ്വ. കെ. രാധാകൃഷ്ണന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഐ.ആര്‍.ഐ.എ കേരള ചാപ്റ്ററിന്റെ 2025 ലെ പ്രസിഡന്റ് ഡോ. റിജോ മാത്യു, ഐ.ആര്‍.ഐ.എ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രമേഷ് ഷേണായ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിതരായ മുതിര്‍ന്നവരും വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും വഴിതെറ്റി തിരികെ വീട്ടിലെത്താന്‍ പറ്റാതെ പ്രതിസന്ധിയിലാകാറുണ്ട്.  ഇത്തരം സന്ദര്‍ഭങ്ങളില്‍  ഇവര്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റ് അതല്ലെങ്കില്‍ പെന്‍ഡന്റ് എന്നിവയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെ പൊതുസമൂഹത്തിനും പോലിസിനും ഇവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.

കുട്ടിയുടെ പേര്,രക്ഷകര്‍ത്താക്കളുടെ ഫോണ്‍നമ്പരുകള്‍ അടക്കം ഇവര്‍ ധരിച്ചിരിക്കുന്ന  ബ്രേസ് ലെറ്റില്‍ അതല്ലെങ്കില്‍ പെന്‍ഡന്റില്‍ അടങ്ങിയിരിക്കും. ഇവരെ സഹായിക്കാന്‍ എത്തുന്നവരുടെ കയ്യിലുള്ള ഫോണ്‍ ഉപയോഗിച്ച് ബ്രേസ് ലെറ്റിലോ പെന്‍ഡന്റിലോ ഉള്ള ക്യൂര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ടാപ്പു ചെയ്യുകയോ ചെയ്താല്‍ വിവരങ്ങള്‍ ഫോണില്‍ ദൃശ്യമാകും. ഇതുപയോഗിച്ച് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു.  

ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികള്‍ക്ക് ഡേ ഡ്രീംസിന്റെ നേതൃത്വത്തില്‍  പരിശീലനം നല്‍കി കുട്ടികള്‍ തന്നെയാണ് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനവും കുട്ടികള്‍ക്ക് തന്നെയാണ് ലഭിക്കുക.  സി.ജെ മാത്യു ഐ.ആര്‍.എസ് ആണ് കവച് പദ്ധതിയുടെ ചെയര്‍മാന്‍. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യ-കേരള (ഡോക്ടേഴ്‌സ്) ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ -കേരള (ഡോക്ടേഴ്‌സ്), കെ.സി.ബി.സി, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ, അസ്സോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എ.ഐ.ഡി), അമ്മ സ്‌കാന്‍ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Comments

    Leave a Comment