ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ഇത് തന്റെ പത്താമത്തെ ദൗത്യമാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ അറിയിച്ചു.
വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിച്ചുവെന്നും ഇത് തന്റെ പത്താമത്തെ ദൗത്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ എന്നിവരുമായി നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.
ഇസ്രായേലും ലെബനനും തമ്മിൽ സമാധാന പ്രക്രിയയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ 34 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയതതെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ സുസ്ഥിരമായ ഒരു സമാധാന കരാറിലെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രിയെയും ലെബനൻ പ്രസിഡന്റിനെയും വൈറ്റ് ഹൗസിലേക്ക് ട്രംപ് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും അർത്ഥവത്തായ ചർച്ചയാകും ഇതെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഇറാൻ അംബാസഡർ വഴി ഹിസ്ബുള്ളയെയും വെടിനിർത്തൽ സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കുകയാണെങ്കിൽ മാത്രമേ ഈ കരാറുമായി സഹകരിക്കൂ എന്നാണ് ഹിസ്ബുള്ളയുടെ നിലപാട്.












Comments