ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം : ഇനി കർണാടകയെ സിദ്ധരാമയ്യ നയിക്കും

Finally the official announcement: Now Siddaramaiah will lead Karnataka

ഏക ഉപമുഖ്യമന്ത്രിയായി ഡികെ, ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകൾ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.

കർണാടക :  സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. 

ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായിട്ടുള്ള സ്ഥാനവുമാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. 

ഇത് തന്റെ അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു. എന്നാൽ കർണാടകത്തിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡികെ ശിവകുമാർ കൂടി മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചതോടെയാണ് തീരുമാനം ഹൈക്കമാൻഡിലേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെയും നേതൃത്വത്തി തുടർച്ചയായ ചർച്ചകൾ, കെസി വേണുഗോപാലിന്റെയും രൺദീപ് സിംഗ് സുർജെവാലയുടെയുെം അനുനയശ്രമങ്ങൾ എല്ലാം ഫലം കാണാതെ വന്നപ്പോൾ  അവസാനം സോണിയാഗാന്ധിയുടെ ഇടപെടലിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തെരഞ്ഞെടുത്ത തീരുമാനത്തിന് ഇരുവരുടെയും അംഗീകാരം ലഭിക്കുകയായിരുന്നു. 

രണ്ട് ടേം എന്നതാണ് ആദ്യം ഉയർന്നുവന്ന ഫോർമുല എങ്കിലും രണ്ടു പേരും ആദ്യ ടേം തനിക്ക് വേണമെന്ന് ശഠിച്ചതോടെ ചർച്ച പരാജയപ്പെട്ടു. ഒടുവിൽ ഏക ഉപമുഖ്യമന്ത്രി, സുപ്രധാന വകുപ്പുകൾ, സോണിയയുടെ അനുനയശ്രമം എല്ലാം വന്നതോടെ ഡി കെ അംഗീകരിക്കുകയായിരുന്നു. ടേം വ്യവസ്ഥ ഇല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ കെ സി വേണുഗോപാൽ തള്ളി. 

പ്രഖ്യാപനം വന്നതോടെ വലിയ ആഘോഷത്തിലാണ് പ്രവർത്തകർ. സിദ്ധരാമയ്യയുടെ കട്ടൌട്ടിൽ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ തങ്ങളുടെ നേതാവിന്റെ മുഖ്യമന്ത്രി പദം ആഘോഷിക്കുന്നത്. 

Comments

    Leave a Comment