അതിർത്തി തർക്കങ്ങൾക്ക് വിട : ഇനി ഡിജിറ്റൽ വേലികളുടെ കാലം

It's the time of digital fences : Minister K rajan

200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയായെന്ന് മന്ത്രി.

സംസ്ഥാനത്ത് 200 വില്ലേജുകളിൽ  ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം റവന്യു മന്ത്രി പുറപ്പെടുവിച്ചു.

2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിക്കുമ്പോൾ കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതുമാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്ക് ഇടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് പറഞ്ഞ മന്ത്രി സർവെ ഡയറക്ടറേറ്റിലെത്തി ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. 

ഡിജിറ്റൽ റീ സർവെ എന്ന ആശയം മുൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സർവെ വിഭാഗം ജീവനക്കാരുമായും പല തലത്തിൽ ആലോചനകൾ നടത്തിയെന്നും ആവശ്യമായ ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് എം എൽ എ മാർ  അടക്കം സംശയം പ്രകടിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.  പഴയ സർവെ നടന്ന സ്ഥലങ്ങളിലടക്കം ഡിജിറ്റലായി റീസർവെ നടത്തുക വഴി ജനങ്ങളിലുണ്ടാക്കിയ സംശയങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമസഭ മാതൃകയിൽ സർവെ സഭകൾ റവന്യു വകുപ്പ് വിളിച്ചുചേർത്തു. ജനങ്ങളുടെ മാത്രമല്ല ജീവനക്കാരുടെ കൂടി ആശങ്കകളും പരിഹരിച്ചാണ് മുന്നോട്ട് പോയതെന്ന് മന്ത്രി പറഞ്ഞു.

2024 കഴിയുന്നതോടെ ഡിജിറ്റൽ റീസർവെയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തീകരിക്കാനാവുമെന്ന് പറഞ്ഞ മന്ത്രി ഒരു പരിധിവരെ മൂന്നാംഘട്ടത്തിന്റെ പൂർത്തീകരണവും പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 200 വില്ലേജുകളിൽ കൂടി വിജ്ഞാപനം പുറപ്പെടുവിക്കാനായതിന്റെ ആഘോഷത്തിൽ റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ഡെപ്യൂട്ടി കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, എൻ. ഐ സി സീനിയർ ടെക്‌നിക്കൽ ഡയറക്ടർ ഒ കെ മനോജ് എന്നിവരും പങ്കെടുത്തു.

1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂ അളവ് പൂർത്തിയാക്കിയിരുന്നത്. 

Comments

    Leave a Comment