പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടനാവകാശത്തിന്റെ ലംഘനം : ഹൈക്കോടതി

Refusing paternity leave is the violation of constitutional right : High Court

പിതൃത്വ അവധി നവജാത ശിശുവിന്റെ അടിസ്ഥാന മനുഷ്യാവകാശമാണെന്ന് ഹൈക്കോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കി.

ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിന് പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നൈ ഹൈക്കോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കി. 

പിതൃത്വ അവധി നിഷേധിക്കുന്നത്  ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും നവജാത ശിശുവിന്റെ അടിസ്ഥാന മനുഷ്യാവകാശമായി ഈ അവധിയെ കണക്കാക്കണമെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി അധ്യക്ഷയായ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

തമിഴ്നാട് പൊലീസിലെ ഇന്‍സ്പെക്ടറായ ബി ശരവണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ് ഉണ്ടായിരിക്കുന്നത്.  ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ തന്റെ ഭാര്യയെ പരിചരിക്കാനും പ്രസവ സമയത്ത് ശുശ്രൂഷ നല്‍കാനും വേണ്ടി ശരവണന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം അകാരണമായി ജോലിയില്‍ നിന്ന് വിട്ടു നിന്നുവെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും പിന്നാലെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ നടപടിയെ  ചോദ്യം ചെയ്താണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ പിതൃത്വ അവധി നല്‍കുന്നതിന് നിയമ നിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തെങ്കാശി ജില്ലയിലെ കടയം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഇന്‍സ്‍പെക്ടര്‍ ശരവണന്‍ മേയ് ഒന്നാം തീയ്യതി മുതല്‍ ജൂലൈ 29 വരെ 90 ദിവസത്തെ അവധിക്കുള്ള  അപേക്ഷ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് എസ്.പി അപേക്ഷ നിരസിച്ചു. കോടതി ഇടപെടലിന് ശേഷം മേയ് 15 വരെ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പിന്നീട് അനുവദിച്ചു. എന്നാല്‍ അവധിക്ക് പുതിയ അപേക്ഷ നല്‍കാൻ നിര്‍ദേശിക്കുകയും അങ്ങനെ മേയ് മാസം ഒന്ന് മുതല്‍ 30 വരെ അവധി അനുവദിക്കുകയും ചെയ്തു.

എന്നാൽ ശരവണന്റെ ഭാര്യ പ്രസവിച്ചത് മേയ് 31നാണ്. പ്രസവ ശേഷമുള്ള ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ അവധി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ 22ന് അകാരണമായി ജോലിയില്‍ നിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സസ്‍പെന്‍ഡ് ചെയ്യുകയുമായിരുന്നു.

"ഐവിഎഫ് ചികിത്സ തേടുന്ന സ്ത്രീകള്‍ക്ക് പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ മികച്ച പരിചരണം ആവശ്യമാണ്. തന്റെ ഔദ്യോഗിക പദവിയില്‍ ജോലി ചെയ്യുന്നതിന് പുറമെ ആ സമയത്ത് ഭാര്യയെ പരിചരിക്കേണ്ടിയിരുന്നു. പ്രസവത്തിലൂടെയോ ദത്തെടുക്കലിലൂടെയോ മാതാപിതാക്കളായി മാറുന്നവര്‍ക്ക് ശരിയായ ശിശു പരിചരണം ഉറപ്പാക്കാന്‍ അവധി അനുവദിക്കണം. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും" കോടതി നിരീക്ഷിച്ചു.

Comments

    Leave a Comment