ചെന്നൈയിൽ ഇന്നും അവധി : കനത്ത മഴ തുടരുന്നു, മരണം 4 ആയി.

Chennai Cyclone : Heavy rain continues, death toll rises to 4.

വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി.

ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്ടിലും ആന്ധ്ര പ്രദേശിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. 

ചെന്നൈയിൽ കനത്ത മഴ തുടരുന്നതിനിടെ ഇതുവരെ 4 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ചത്.താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. 
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ചെന്നൈയില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ഇന്ന് (ചൊവ്വാഴ്ച) രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. 

ഇന്ന് ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കര തൊടുമെന്നാണ് കരുതുന്നത്. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

Comments

    Leave a Comment