ചിരിയുടെ 'ഗോഡ്‌ഫാദർ' സിദ്ദിഖിന് വിടപറഞ്ഞ് ജന്മനാട്...

Malayalam's hit maker Siddique had a tearful journey from  his hometown.

പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് കൊച്ചിൻ കലഭവനിലൂടെയാണ് സിനിമയിലെത്തിയത്.

കൊച്ചി: മലയാളത്തിന്‍റെ ഹിറ്റ് മേക്കർ സിദ്ദിഖിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. 

ഇന്നലെ അന്തരിച്ച സംവിധായകൻ സിദ്ധിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി നൽകി. തുടർന്ന് വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയിൽ ഔദ്യോഗിക ബഹുമതി നൽകിയ ശേഷം നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.  

ഇന്ന് രാവിലെ എട്ടരയോടെ പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നു. മലയാള സിനിമാ ലോകവും പ്രിയ ജനങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി. നടനും സംവിധായകനുമായ ലാൽ, മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലി.

പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര പ്രവർത്തകരും നാട്ടുകാരും അവിടെയും  അന്ത്യാഞ്ജലി അർപ്പിച്ചു. നാലരയോടെയാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാമസ്ജിദ്   ഖബറിസ്ഥാനിൽ സംസ്കാരം നടത്തുകയായിരുന്നു.

തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ചിരിയുടെയും ഹിറ്റുകളുടെയും  ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് കൊച്ചിൻ കലഭവനിലൂടെ സിനിമയിലെത്തിയത്. 

സിദ്ദിഖിനെ ഓര്‍മ്മിച്ച് മലയാള സിനിമ ലോകം:-

സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാൻ പറ്റാത്തതാണ്.തിരിച്ചുവരാൻ പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വില്‍പവര്‍ വച്ച് തിരിച്ചുവരും എന്ന് തന്നെയാണ് കരുതിയത്. വലിയ നഷ്ടമാണ് സംഭവിച്ചത്.  പപ്പൻ പ്രിയപ്പെട്ട പപ്പന്റെ കഥ ചർച്ചചെയ്യുന്നതു മുതലുള്ള അടുപ്പമാണ് സിദ്ദിഖുമായിട്ട്  -  സംവിധായകൻ കമൽ 

മിമിക്രി എന്ന കലയിൽ എന്റെ റോൾ മോഡലായിരുന്നു സിദ്ദിഖും ലാലും. അവർ രണ്ടുപേരും പരസ്പരം കൗണ്ടർ പറയുന്നത് കേട്ടാണ് ഞങ്ങളൊക്കെ തമാശ പറയാൻ പഠിച്ചത്. സിദ്ദിഖിനെപ്പോലെ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ല - ഹരിശ്രീ അശോകൻ

മരണവാർത്തയോടൊപ്പമുള്ള ഇക്കയുടെ പടം കാണുമ്പോൾ അടുത്ത സിനിമയുടെ പ്രഖ്യാപനമാണെന്നാണ് തോന്നുന്നത്. സ്വന്തം ചേട്ടനെയാണ് നഷ്ടപ്പെട്ടത് -  ജയസൂര്യ.

ഒരു നടനെന്ന നിലയിൽ എന്നെ ജനങ്ങൾ ശ്രദ്ധിച്ചത് റാംജിറാവുവിലൂടെയാണ്. മലയാള സിനിമയിൽ പുതിയൊരു സ്റ്റൈൽ ഉണ്ടാക്കിയത് സിദ്ദിഖും ലാലുമാണ്. സിദ്ദിഖ് തനിക്ക് സഹോദരതുല്യൻ -   വിജയരാഘവൻ 

സിനിമാ മേഖല ഒന്നടങ്കം ഞെട്ടലിലാണ് സിദ്ദിഖിന്‍റെ വിയോഗത്തില്‍.  സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും അതിന് വലിയ വില കൊടുക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സിദ്ദിഖ് - പ്രേം കുമാർ 

മലയാള സിനിമ എക്കാലവും ഓർക്കുന്ന ഹിറ്റ്‌മേക്കറുടെ  ഓർമ്മകൾ ഇനി വെളളിത്തിരയിൽ ജ്വലിക്കും. 

Comments

    Leave a Comment