കൂനൂരിലെ ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഇന്ന് പുലര്‍ച്ചയോടെ അന്തരിച്ചു.ഇതോടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.
ബെംഗളൂരു: കൂനൂരിലെ ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ് ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
"ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സമ്പന്നമായ സേവനം ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി." പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അനുശോചനക്കുറിപ്പ് ട്വീറ്റ് ചെയ്തു.
അപകടത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള തീവ്ര പ്രയത്നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അപകടത്തില്‍ വരുൺ സിംഗിന്‍റെ കൈകൾക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.വില്ലിങ്ടൺ ആശുപത്രിയിൽ നിന്നും വ്യാഴാഴ്ചയാണ് എയർ ആംബുലൻസിൽ ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ എത്തിച്ചത്. ഇതോടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14 ആയി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.
സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍ സിംഗിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയും, തകരാർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കിയും ചെയ്തു.
Comments