ഇനി ഓൾ പാസ് ഇല്ല ; 8ാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം.

No more all pass : Minimum marks required to win in class-8

അടുത്ത വർഷം മുതൽ 9ാം ക്ലാസിലും 2026-2027 വർഷത്തിൽ പത്താം ക്ലാസിലും മിനിമം മാർക്ക് നടപ്പിലാക്കും.

തിരുവനന്തപുരം: ഇത്തവണ മുതൽ‌ എട്ടാം ക്ലാസിൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. 

എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും ജയിക്കാൻ മിനിമം മാർക്ക് കൊണ്ടുവരും. 2026-2027 വർഷത്തിൽ പത്താം ക്ലാസിലും മിനിമം മാർക്ക്  നടപ്പിലാക്കും.വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. 

നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ്  നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച എഡ്യൂക്കേഷൻ  കോൺക്ലേവിൽ  ഉയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. 

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ പുറന്തള്ളപ്പെടുമെന്ന ആശങ്കയിൽ മിനിമം മാർക്ക് കൊണ്ടുവരുന്നതിനെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിർത്തിരുന്നുവെങ്കിലും  സിപിഎം ഇടപെടൽ കാരണം കെഎസ് ടി എ നടപടി ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി .

Comments

    Leave a Comment