ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആന്‍ഡ് റണ്‍) റോഡപകടങ്ങളിലെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകര്‍ 3000 ത്തില്‍ താഴെ മാത്രം.
ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആന്‍ഡ് റണ്‍) റോഡപകടങ്ങളില്‍ കേന്ദ്രപദ്ധതിയനുസരിച്ചു നഷ്ടപരിഹാരം കിട്ടുമെന്ന വിവരം പലർക്കും അറിയില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഒരു വര്‍ഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആന്‍ഡ് റണ്‍ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവര്‍ മൂവായിരത്തോളം മാത്രമാണെന്നാണ് കേന്ദ്രം നലകിയ കണക്കുകൾ പറയുന്നത്. ഇത്തരം കേസുകളിൽ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ച് അപേക്ഷകര്‍ക്ക് കിട്ടുന്നതാണ്.
ഇത്തരം അപകടത്തില്‍ പെടുന്നവര്‍ക്ക് എം.എ.സി.ടി. (മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍) വഴി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ഹിറ്റ് ആന്‍ഡ് റണ്‍ മോട്ടോര്‍ ആക്‌സിഡന്റ് സ്‌കീം-2022 പ്രകാരം ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിൽ നഷ്ടപരിഹാരം നല്‍കുന്നത്.
ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ടതിനെത്തുടര്‍ന്നാണിത്. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തിയിട്ടുണ്ട്. ഹിറ്റ് ആന്‍ഡ് റണ്‍ അപകടമരണവും പരിക്കുമുണ്ടായാല്‍ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേര്‍ക്കേണ്ടത്, എങ്ങനെ പണം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.
അപേക്ഷ എങ്ങനെ ?
hitandrunschemeclaims@gicouncil.in എന്ന സൈറ്റിലൂടെ മരിച്ചവരുടെ അവകാശികള്‍ക്കും ഗുരതരമായി പരിക്കേറ്റവര്‍ക്കും നേരിട്ടോ വക്കീല്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ www.gicouncil.in/news-media/gic-in-the-news/hit-and-run-motor-accidents എന്ന ലിങ്കില്‍ ലഭിക്കും.
ആവശ്യമുള്ള രേഖകള്‍
തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാരേഖകള്‍, എഫ്.ഐ.ആറിന്റെ പകര്‍പ്പ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (മരണം സംഭവിച്ചെങ്കില്‍), മരണസര്‍ട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ.
നടപടിക്രമം
ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. അപകടംനടന്ന സ്ഥലവുമായി ബന്ധപ്പെട്ട തഹസില്‍ദാര്‍/ആര്‍.ഡി.ഒ. ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് കളക്ടര്‍ ക്ലെയിം തീര്‍പ്പാക്കും.
രേഖകള്‍ കൃത്യമാണെങ്കില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കും.
Comments