ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Super League Kerala Season One Announced സൂപ്പര്‍ ലീഗ് കേരള സീസണ്‍ ഒന്നിലെ ആറ് ഫ്രാഞ്ചൈസികളെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ടീം ഉടമകള്‍ക്കൊപ്പം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ചാരു ശര്‍മ, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാന്‍, സ്കോര്‍ലൈന്‍ എംഡി ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, ബാബു മേത്തര്‍ എന്നിവര്‍ക്കൊപ്പം

ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്ബോൾ സൂപ്പർ ലീഗ് ആയ സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്നത് കേരളാ ഫുട്‌ബോള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ്.

കൊച്ചി : സൂപ്പർ ലീഗ് കേരളയുടെ സീസൺ ഒന്നിലെ ആറു ഫ്രാഞ്ചൈസികളെ കൊച്ചിയിൽ  വെച്ച് പ്രഖ്യാപിച്ചു. 

സെപ്റ്റംബർ ആദ്യത്തോടെ ആരംഭിക്കുന്ന പ്രഥമ സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശ്ശൂര്‍ റോർ എഫ്‌സി, കണ്ണൂർ സ്‌ക്വാഡ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, മലപ്പുറം എഫ്‌സി എന്നീ ടീമുകൾ മത്സരിക്കും. 45 ദിവസം നീണ്ടു നിൽക്കുന്നതാണ് സൂപ്പർ ലീഗ് കേരള. 

ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്ബോൾ സൂപ്പർ ലീഗ് ആയ സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്നത് കേരളാ ഫുട്‌ബോള്‍ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ്.

ഫ്രാഞ്ചൈസി ഉടമകളും സഹ-ഉടമകളും:-

കൊച്ചി പൈപ്പേഴ്സ് എഫ്സി - പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതി, സിഇഒ, എസ്ജി സ്പോർട്സ് ആൻഡ് എൻ്റർടൈൻമെൻ്റ്, എപിഎൽ അപ്പോളോ 

തൃശ്ശൂര്‍ റോർ എഫ്‌സി - ബ്രിസ്ബേൻ റോർ എഫ്സി ചെയർമാനും സിഇഒയുമായ കാസ് പടാഫ്ത, മാഗ്നസ് സ്പോർട്സിൻ്റെ ബിനോയിറ്റ് ജോസഫ് നുസിം ടെക്നോളജീസിൻ്റെ മുഹമ്മദ് റഫീഖ്

കണ്ണൂർ സ്ക്വാഡ് എഫ്‌സി - കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ എം പി ഹസ്സൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രമോട്ടർ ഷമീം ബക്കർ 

തിരുവനന്തപുരം കൊമ്പൻസ് എഫ്സി - കിംസ് സിഎംഡി ഡോ.മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവൽസ് എംഡി കെ സി ചന്ദ്രഹാസൻ,  ടി ജെ മാത്യൂസ്, സഹഉടമ കോവളം എഫ് സി, പ്രിൻസ് ഗൗരി ലക്ഷ്മി ഭായി 

മലപ്പുറം എഫ്‌സി - ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മൽ ബിസ്മി, തിരൂർ എസ്എടി എഫ്‌സി & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്‌സ് ഡോ അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം പ്രസിഡൻ്റ് ബേബി നീലാംബ്ര 

കാലിക്കറ്റ് എഫ്സി - ടെക് സംരംഭകൻ വി കെ മാത്യൂസ്, ഐ ബി എസ് ഗ്രൂപ്പ് 

ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിവുള്ള കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്തി അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. അന്തർദേശീയ നിലവാരത്തിൽ നടക്കുന്ന ലീഗ് ടൂര്ണമെന്റുകൾക്ക് അനുസരിച്ചാകും കേരളത്തിലെ സ്വന്തം ലീഗിന്റെയും നടത്തിപ്പ്. സ്പോർട്സ് & എന്റർടൈൻമെൻറ്, ടൂറിസം, വിനോദം, യാത്ര, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലീഗ് ഗുണകരമാകും. 
ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുന്ന കേരളത്തിൽ നിന്നുള്ള 100 ഓളം യുവാക്കൾക്ക് താരതമ്യേന നല്ല തുക പ്രതിഫലമായി ലഭിക്കുന്നതാണ്.

കേരളത്തെ അന്തർദേശീയ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോകുന്നതായിരിക്കും സൂപ്പർ ലീഗ് കേരള എന്ന് ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ഏഷ്യയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുടമടക്കമുള്ള വിദേശ പ്രതിഭകളും ലീഗിന്റെ ഭാഗമാകുമെന്ന് പറഞ്ഞ എസ്എൽകെ സിഇഒ മാത്യു ജോസഫ് ഫുട്ബോൾ ആരാധകരുടെ സൗകര്യം  കണക്കിലെടുത്താണ് സ്റ്റേഡിയങ്ങളും വേദികളും തിരഞ്ഞെടുത്തതെന്നും പറഞ്ഞു.

ഇന്ത്യൻ ഫുട്‌ബോളിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമാണ് കേരളമെങ്കിലും  നമ്മുടെ ഫുട്ബോൾ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ സൂപ്പർ ലീഗ് കേരള ആ വിടവ് പരിഹരിക്കുമെന്ന് വ്യക്തമാക്കി.

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, പിവി ശ്രീനിജൻ, ഓസ്‌ട്രേലിയയുടെ കൗൺസൽ ജനറൽ (ചെന്നൈ) സിലായ് സാക്കി, പ്രശസ്ത കായിക താരവും പ്രോ കബഡി ലീഗ് സഹസ്ഥാപകനുമായ ചാരു ശർമ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി , ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, ഷബീർ അലി, ബൈച്ചുങ് ബൂട്ടിയ, സി വി പാപ്പച്ചൻ, സിസി ജേക്കബ്, വിക്ടർ മഞ്ഞില, എം എം ജേക്കബ്, ജോപോൾ അഞ്ചേരി, എൻ.പി.പ്രദീപ്, കെ.കെ.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു. പരിശീലകരായ ടി ജി പുരുഷോത്തമൻ, സതീവൻ ബാലൻ, നാരായണ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Comments

    Leave a Comment