ആഗോള തലത്തില്‍തന്നെ ബുള്‍ റാലി തുടരുന്നതിന് അനുകൂലമായ ഘടകങ്ങളാണുള്ളതെന്നതിനാൽ പ്രഥമദൃഷ്ടിയാൽ 2024ലെ സാധ്യതകള്‍ ശോഭനമാണ്.
2023 -ല്‍ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് ഓഹരി വിപണി നല്‍കിയത്. ഏറ്റവും ശ്രദ്ധേയ കാര്യമെന്തെന്നാൽ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരു വര്‍ഷം മാത്രമാണ് നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് നഷ്ടമുണ്ടായിട്ടുള്ളത്.
കഴിഞ്ഞു പോയ വർഷം 20 ശതമാനം നേട്ടം നല്‍കിയ നിഫ്റ്റിയും, 46 ശതമാനം നേട്ടം നല്‍കിയ നിഫ്റ്റി മിഡ്ക്യാപ് സൂചികയും.55 ശതമാനം നേട്ടം നല്‍കിയ നിഫ്റ്റി സ്മാള്‍ ക്യാപ് സൂചികയും മിന്നുന്ന പ്രകടനമാണ് വിപണിയിൽ കാഴ്ചവെച്ചത്. 2023 - ൽ ഓഹരി വിപണിക്ക് വലിയ വെല്ലുവിളികള്‍ ഉര്‍ത്തിയ സംഭവങ്ങളായ അമേരിക്കയിലെ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധി, നിരവധി തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയ അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡിന്റെ കര്‍ശന പണനയം, ഇസ്രായേല്‍ - ഹമാസ് യുദ്ധം എന്നിവയൊന്നും തന്നെ നമ്മുടെ ബുള്‍ മാര്‍ക്കറ്റിനെ ബാധിച്ചില്ല.
ചെറുകിട നിക്ഷേപകരുടെ വലിയ തോതിലുള്ള കടന്നുവരവാണ് 2023 -ല്‍ മിഡ് ആന്റ് സ്മാള്‍ ക്യാപ്‌സ് ഓഹരികൾ വളരെ മികച്ച പ്രകടനം നടത്തിയതിന്റെ പ്രധാന കാരണം. ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 13 കോടിയിലധികമായി. 17000 കോടി രൂപയിലധികമാണ് നവംബര്‍ മാസത്തിലെ മാത്രം എസ്‌ഐപികളിലെ നിക്ഷേപം. മിഡ് ആന്റ് സ്മാള്‍ ക്യാപ്‌സ് ഫണ്ടുകളിലേക്ക് കൂടുതല്‍ പണം ഒഴുകിയെത്തുന്നതിനാൽ ഫണ്ട് മാനേജര്‍മാര്‍ അത്തരം ഓഹരികള്‍ തന്നെ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും അതിന്റെ വാല്യുവേഷന്‍ പരിധിവിട്ട് ഉയരാൻ കാരണമാകുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ വന്‍ മുന്നേറ്റം തുടരാനുള്ള സാധ്യതകുറവാണ്.
മള്‍ടി അസെറ്റ് അലോക്കേഷന്‍ സ്ട്രാറ്റജി ( വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കുന്ന രീതി) യായിരിക്കണം പുതുവര്‍ഷത്തിലും നിക്ഷേപകര്‍ സ്വീകരിക്കേണ്ടത്. ഈ സ്ട്രാറ്റജിയിലെ മൂന്ന് പ്രധാന ഘടകങ്ങള്‍ ഓഹരി, സ്ഥിരനിക്ഷേപം, സ്വര്‍ണം എന്നിവയാണ്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനം പരിശോധിച്ചാല്‍ എല്ലാ ഘട്ടങ്ങളിലും ഓഹരികളിലെ നിക്ഷേപം സ്ഥിരനിക്ഷേപത്തേക്കാളും സ്വര്‍ണത്തേക്കാളും മികച്ച നേട്ടം നല്‍കിയിട്ടുണ്ടെന്നതിനാൽ ഓഹരികളിലെ നിക്ഷേപം മറ്റുള്ളവയുമായി താരതമ്യേന ഉയര്‍ന്നതായിരിക്കണം.
ഈ വർഷത്തെ സാധ്യതകള്‍ പരിശോധിക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ മനസ്സിലാക്കേണ്ട പ്രധാനകാര്യം നമ്മുടേത് ബുള്‍ മാര്‍ക്കറ്റാണ് എന്ന വസ്തുതയാണ്. ആഗോള തലത്തില്‍ തന്നെ വികസിത രാജ്യങ്ങളായ അമേരിക്കയിലും ജപ്പാനിലും ജര്‍മനിയിലും പ്രധാന സൂചികകള്‍ നിഫ്റ്റിയെക്കാള്‍ മെച്ചപ്പെട്ട നേട്ടം നല്‍കിയിട്ടുണ്ടെങ്കിലും എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നമ്മുടെ വിപണി തന്നെയാണ് ഒന്നാമതായി നിൽക്കുന്നത്. ബുള്‍ മാര്‍ക്കറ്റിന്റെ സവിശേഷതയായ എല്ലാ ആശങ്കകളെയും മറികടക്കാനുള്ള അതിന്റെ കഴിവ് പുതുവര്‍ഷത്തിലും നമുക്ക് ഭേദപ്പെട്ട നേട്ടങ്ങള്‍ക്ക സാധ്യത നൽകുന്നുണ്ട്.
മിഡ് ക്യാപ്, സ്മാള്‍ ക്യാപ് വിഭാഗങ്ങളിലെ മിന്നുന്ന പ്രകടനമായിരുന്നു 2023ലെ ബുള്‍ തരംഗത്തിന്റെ സവിശേഷതയെങ്കിൽ ഈ കുതിപ്പ് 2024ല്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. മിഡ് ആന്റ് സ്മാള്‍ ക്യാപ് ഓഹരികളുടെ വാല്യുവേഷന്‍ അമിതമായി ഉയര്‍ന്നിട്ടുണ്ട് എന്നുള്ളതാണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപ തന്ത്രങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഈ വർഷം നിക്ഷേപകർ വരുത്തേണ്ടതുണ്ട്.
ആഗോള തലത്തില്‍തന്നെ ബുള്‍ റാലി തുടരുന്നതിന് അനുകൂലമായ ഘടകങ്ങളാണുള്ളതെന്നതിനാൽ പ്രഥമദൃഷ്ടിയാൽ 2024ലെ സാധ്യതകള്‍ ശോഭനമാണ്.
വിപണിയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകം പലിശ നിരക്കായതിനാൽ, ആഗോളതലത്തില്‍ പലിശ നിരക്ക് കുറഞ്ഞുവരുന്നു എന്ന അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡിന്റെ മേധാവി ജെറോം പവലിന്റെ ഡിസംബര്‍ 13ലെ സന്ദേശം വിപണിയില്‍ കുതിപ്പുണ്ടാക്കുന്നതിന് തന്നെ കാരണമായി. പലിശ നിരക്കുയര്‍ത്തല്‍ ഘട്ടം പിന്നിട്ടു കഴിഞ്ഞുവെന്നും പുതുവര്‍ഷത്തില്‍ മൂന്നു തവണ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ട് എന്നുമാണ് ഫെഡിന്റെ സന്ദേശം നല്‍കുന്ന സൂചനയെങ്കിലും നാലോ അഞ്ചോ തവണ പലിശ നിരക്കുകള്‍ കുറയാമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ബോണ്ട് യീല്‍ഡിന്റെ ഫ്യൂച്ചേഴ്‌സ് സൂചിപ്പിക്കുന്നത് ഈ പ്രവണതയാണ്.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ ഏകദേശം 7 ശതമാനം ജി ഡി പി വളര്‍ച്ച കൈവരിയ്ക്കും എന്നാണ് കണക്കുകൂട്ടുന്നത്. രണ്ടാം പാദത്തില്‍ ഇന്ത്യ 7.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് കൈവരിച്ചത്. ജി ഡി പി വളര്‍ച്ചക്കനുസരിച്ച് കോര്‍പറേറ്റ് ലാഭത്തിലും വര്‍ധനവ് ഉണ്ടാകുമെന്നതിനാൽ വിപണിയിലെ മുന്നേറ്റം തുടരുന്നതിന് ഇത് സഹായകമാകുമെന്ന് കണക്കുകൂട്ടുന്നു.
അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് 2024ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഈ ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ 2024ലെ വിപണിയുടെ സാധ്യതകള്‍ മികച്ചതാണ്.
എന്നിരുന്നാലും വിപണിയിലെ അപകട സാധ്യതകളെ പ്രധാനമായും അറിയുന്ന റിസ്‌കുകൾ അറിയാത്ത റിസ്‌കുകൾ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഉൾപ്പെടിത്തിരിക്കുന്നത്. അറിയാത്ത റിസ്‌കുകള്‍ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാകിള്ളതിനാൽഅറിയുന്ന റിസ്‌കുകള്‍ തന്നെയാണ് വിപണിയുടെ പ്രധാനപ്പെട്ട വെല്ലുവിളി. അറിയുന്ന റിസ്‌കുകള്‍ എന്ന് പ്രധാനമായും പറയുന്നത് വിപണിയിലെ വാല്യുവേഷനെ സംബന്ധിച്ചതാണ്.
ഇന്ത്യയാണ് വാല്യുവേഷനില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന വിപണി. ഇത് ഇന്ത്യയിലെ ഓഹരികളുടെ വരുമാന സാധ്യതകളുടെയും, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളുടെയും പ്രതിഫലനമായാണ് കണക്കാക്കുന്നത്. ഓഹരികളുടെ വാല്യുവേഷന്‍ ഇപ്പോള്‍ മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാണ്. എന്നാൽ ഇത്ര ഉയര്‍ന്ന വാല്യുവേഷന്‍ ഉണ്ടാകുമ്പോള്‍ വിപണിയില്‍ കാര്യമായ തിരുത്തലുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രൈസ് - ഏണിംഗ് മള്‍ട്ടിപ്പിള്‍, മാര്‍ക്കറ്റ് ക്യാപ് - ജി ഡി പി അനുപാതം, പ്രൈസ് - ബുക്ക് വാല്യു എന്നീ മൂന്ന് മാനദണ്ഡങ്ങളെ വിലയിരുത്തിയാണ്
പ്രധാനമായും മാര്‍ക്കറ്റ് വാല്യുവേഷന്‍ കൂടുതലാണോ, ന്യായമാണോ അതോ ആകര്‍ഷകമാണോ എന്ന് കണക്കുക്കന്നത്. ഈ മൂന്നു മാനദണ്ഡങ്ങളും വെച്ച് നോക്കുമ്പോള്‍ ഇന്ത്യൻ വിപണിയുടെ വാല്യുവേഷന്‍ കൂടുതലാണ്. ഈ ഉയര്‍ന്ന മൂല്യമാണ് വിപണിയുടെ ഏറ്റവും വലിയ റിസ്‌ക്. മൂല്യം ഉയര്‍ന്നിരിക്കുമ്പോള്‍ വിപണിയില്‍ തിരുത്തലുകളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഭാവിയിലും ചാഞ്ചാട്ടങ്ങളുണ്ടാകും. എന്നിരുന്നാലും വിപണിയുടെ ദീര്‍ഘകാല സ്വഭാവം മുന്നേറ്റത്തിന്റേത് തന്നെയായിരിക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍, നിക്ഷേപകര്‍ നേട്ടം മാത്രം കണക്കിലെടുക്കാതെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. മിഡ് ആന്റ് സ്മാള്‍ ക്യാപ് ഓഹരികളേക്കാളും സുരക്ഷിതത്വം കൂടുതല്‍ ലാര്‍ജ് ക്യാപ് ഓഹരികളിലാണ്.
2024ല്‍ ലാര്‍ജ് ക്യാപ് ധനകാര്യ ഓഹരികള്‍, പ്രത്യേകിച്ച് ബാങ്കിംഗ് ഓഹരികള്‍ നല്ല നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്.
ഓട്ടോമൊബൈല്‍ മേഖലയില്‍ എല്ലാ ഘടകങ്ങളും മുന്നേറ്റത്തിന് അനുകൂലമാണ്.
റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട സിമന്റ് തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ മേഖലയിലും മുന്നേറ്റം തുടരാനാണ് സാധ്യത.
Comments