രാജ്യത്തിനി ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം

Satellite based toll collection system for the country Representative Image

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

ടോൾ പ്ലാസകളിൽ കുടുങ്ങി വിലപ്പെട്ട സമയം പാഴാക്കാത്തവർ വിരളമാണ്. അതിനുള്ള ശാശ്വത പരിഹാരവുമായി ഇതാ ദേശീയപതാ അതോറിറ്റി.

രാജ്യത്ത് നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് കഴിഞ്ഞ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞിരുന്നു. ഇപ്പോൾ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇ ഒ ഐ) ദേശീയപതാ അതോറിറ്റി ക്ഷണിച്ചു. 

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.  നാഷണൽ ഹൈവേ യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 

നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജിഎൻഎസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. തുടക്കത്തിൽ, ഫാസ്‍ടാഗിനൊപ്പം പുതിയ ജിഎൻഎസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിക്കും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജിഎൻഎസ്എസ് പാതകളാക്കി മാറ്റുന്നതാണ്. ഇത് ഇന്ത്യൻ ഹൈവേകളിലെ ടോൾ പിരിവിൻ്റെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുമെന്ന് കണക്കുകൂട്ടുന്നു.

ടോൾ സ്വയമേവ ശേഖരിക്കുന്ന ഫാസ്‍ടാഗുകളിലാണ് നിലവിലെ സിസ്റ്റം പ്രവർത്തിക്കുന്നതെങ്കിൽ ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സിസ്റ്റത്തിൽ വെർച്വൽ ടോളുകൾ ആണ് ഉണ്ടായിരിക്കുക. ഇതിനായി, വെർച്വൽ ഗാൻട്രികൾ സ്ഥാപിക്കും. അത് ജിഎൻഎസ്എസ് പ്രവർത്തനക്ഷമമാക്കിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുകയും ടോൾ ടാക്സ് കുറയ്ക്കുകയും ചെയ്യും. ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ ശേഖരണ സംവിധാനം കാറുകളിൽ ഉപഗ്രഹങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സഞ്ചരിച്ച ദൂരം അളക്കാൻ ഉപയോഗിക്കുന്നു, ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഈടാക്കുന്നു. ഇത് ടോൾ പ്ലാസകളുടെ ആവശ്യം ഒഴിവാക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്യുന്നു.

ഈ വെർച്വൽ ടോളുകളിലൂടെ ഒരു കാർ കടന്നുപോകുമ്പോൾ, ഉപയോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. ഇന്ത്യയുടെ സ്വന്തമായ നാവിഗേഷൻ സംവിധാനങ്ങളായ ഗഗൻ, നാവിക് എന്നിവയുടെ സഹായത്തോടെ വാഹനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമാകുമെന്ന് മാത്രമല്ല ഉപയോക്താക്കളുടെ ഡാറ്റയും സുരക്ഷിതമായിരിക്കുന്നതാണ്.

ടോൾ പ്ലാസകളിൽ എടുക്കുന്ന സമയം കുറയ്ക്കുന്നതിനാണ് ഫാസ്ടാഗ് ആരംഭിച്ചത്. ഈ സംവിധാനം ഉടൻ ഒഴിവാക്കി ഉപഗ്രഹാധിഷ്ഠിതമായി പുതിയ സേവനം കൊണ്ടുവരുമെന്നാണ് ഗഡ്‍കരി വ്യക്തമാക്കുന്നത്.  ഫാസ്ടാഗിനെക്കാളും വേഗതയുള്ളതായിരിക്കും ഈ സേവനം എന്നാണ് നിതിൻ ഗഡ്കരി അവകാശപ്പെടുന്നത്. ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിടിക്കുമെന്നും അവർ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായി തുക ഈടാക്കുമെന്നും ഗഡ്‍കരി നേരത്തെ  വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു.

Comments

    Leave a Comment