കഴിഞ്ഞവർഷം (2025-2026) മാത്രം 64.23 കോടി വരുമാനം. ടിക്കറ്റ് വരുമാനത്തിനുപുറമേ മൃഗങ്ങളെ ദത്തെടുക്കുന്നതിനും സംരക്ഷണത്തിനും പൊതുജന സംഭാവനയിലൂടെയുള്ള വരുമാനത്തിലും വൻ കുതിപ്പ്.
ബെംഗളൂരു: 2025-2026 വർഷത്തിൽ 64.23 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ബെംഗളൂരു ബെന്നാർഘട്ട ബയോളജിക്കൽ ദേശീയ പാർക്ക് നേടിയത്. കോവിഡ് കാലത്തിനുശേഷം പാർക്കിൽ എറ്റവും കൂടുതൽ സഞ്ചാരികളെത്തിയതും കഴിഞ്ഞവർഷമാണ്.
പാർക്ക് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഗണ്യമായ വർദ്ധനവാണുള്ളത്. 2024-’25-ൽ, ഏകദേശം 21.24 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചതെങ്കിൽ 2025-’26-ൽ ഏപ്രിൽ വരെ 22.40 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചത്.
വരുമാനം കൂടിയതോടെ സന്ദർശകർക്ക് കൂടുതൽ സൗകര്യവും കാഴ്ചയും ഒരുക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് സൂര്യസെൻ അറിയിച്ചു. വൈവിധ്യമാർന്ന മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് വന്യമൃഗങ്ങളെ കാണാനും കാടിന്റെ ഭംഗി ആസ്വദിക്കാനുമായി 25 മീറ്റർ ഉയരത്തിൽ നിരീക്ഷണടവർ നിർമിക്കാൻ പദ്ധതിയുണ്ട്. രോഹിണി നിലേകനി ഫിലാന്ത്രോപ്പീസ് (ആർ.എൻ.പി.എഫ്.) എന്ന സംഘടനയുടെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിലാണ് ടവർ യാഥാർഥ്യമാക്കുക. 70 പേർക്കുവരെ നിന്ന് കാഴ്ചകൾ കാണാൻ സാധിക്കുന്ന തരത്തിലുള്ള ടവറിന്റെ നിർമാണം അടുത്ത മാസം ആദ്യം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ടിക്കറ്റ് വരുമാനത്തിനുപുറമേ മൃഗങ്ങളെ ദത്തെടുക്കുന്നതിനും സംരക്ഷണത്തിനും പൊതുജന സംഭാവനയിലൂടെയുള്ള വരുമാനത്തിലും വൻ കുതിപ്പാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ സൂര്യസെൻ പറഞ്ഞു. 2024-’25-ൽ ഈ വിഭാഗത്തിൽ പാർക്കിന് 53 ലക്ഷം രൂപയും 2025-’26-ൽ 80.83 ലക്ഷം രൂപയും ലഭിച്ചു. ഏകദേശം 30 ലക്ഷത്തിന്റെ അധികവരുമാനമാണ് ഒരു വർഷം കൊണ്ടു നേടാനായത്.
കർണാടകയ്ക്കുപുറമേ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നതെന്ന് സൂര്യസെൻ പറഞ്ഞു.



1.png)







Comments