നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് ; തൊഴിലാളികൾ അറിഞ്ഞിട്ടില്ലെങ്കിൽ കമ്പനികൾ റജിസ്റ്റർ ചെയ്യണം : യൂ എ ഇ

U A E Unemployment Insurance ; Details to know

യു എ ഇ യിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. 4 ദിവസത്തിനകം ഇൻഷൂറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു.

യു എ ഇ യിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കാനിരിക്കെ ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരും ഓൺലൈൻ വഴി അംഗമാകാൻ അറിയാത്തവരുമായ തൊഴിലാളികൾക്കു വേണ്ടി അതാതു കമ്പനികൾ റജിസ്റ്റർ ചെയ്യണമെന്നും  ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

യു എ ഇ യിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അൺ എംപ്ലോയ്മെന്റ് ഇൻഷൂറൻസ് നിർബന്ധമാണ്. ഫ്രീസോൺ ഉൾപ്പെടെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം ഈ ഇൻഷൂറൻസ് നിർബന്ധമാണ്.  സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ 1 മുതൽ 400 ദിർഹം പിഴ ചുമത്തുന്നതാണ്. ജൂൺ 30നകം ഇൻഷൂറൻസ് എടുക്കണമെന്നായിരുന്നു ആദ്യം  അറിയിചിരുന്നതെങ്കിലും കൂടുതൽ പേർക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പിന്നീടത് ഒക്ടോബർ ഒന്നിലേക്കു ദീർഘിപ്പിക്കുകയായിരുന്നു. 

ജീവനക്കാർക്കുവേണ്ടി കമ്പനി റജിസ്റ്റർ ചെയ്താലും  തൊഴിലുടമയ്ക്ക് അധിക ബാധ്യത വരില്ലെന്നും ഇൻഷൂറൻസ് പ്രീമിയം തൊഴിലാളികളിൽനിന്ന് ഈടാക്കാമെന്നും വ്യക്തമാക്കിയ മാനവശേഷി മന്ത്രാലയം നാല്  ദിവസത്തിനകം ഇൻഷൂറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.  

അംഗമായത് 5.5 ലക്ഷം പേർ

ജനുവരി 1ന് പ്രഖ്യാപിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ  5.5 ലക്ഷം പേർ ചേർന്നു പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ലഭിക്കുന്ന ശമ്പളം അടിസ്ഥാനമാക്കി 2 വിഭാഗമാക്കി തിരിച്ചാണ് പ്രീമിയം അടയ്ക്കേണ്ടത്. 

16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് മാസത്തിൽ 10 ദിർഹമുമാണ് പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിലായോ ഒന്നിച്ചോ തുക അടയ്ക്കാവുന്നതാണ്.

നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകുന്നതാണ്. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. 

സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കോ സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല. 

പരിരക്ഷ - 60% തുക വീതം 3 മാസത്തേക്ക്

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) 3 മാസത്തേക്കു ലഭിക്കുന്നതാണ്. പുതിയ ജോലി കണ്ടെത്താനുള്ള സാവകാശമാണിത്. 3 മാസത്തിനിടെ മറ്റൊരു കമ്പനിയിൽ ചേർന്നാലും രാജ്യം ഉപേക്ഷിച്ചാലും  ആനുകൂല്യം ലഭിക്കില്ല. 

വർക്ക് പെർമിറ്റ് പുതുക്കില്ല

തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്നും  തൊഴിലാളിയുടെ ശമ്പളത്തിൽനിന്നോ സേവനാന്ത ആനുകൂല്യത്തിൽ നിന്നോ പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇളവുള്ളവർ

നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.

വെബ്സൈറ്റ്  www.iloe.ae

Comments

    Leave a Comment