മതപരമായ ഘോഷയാത്രകളുടെ നിയന്ത്രണം : പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

Restriction on religious processions: Supreme Court dismisses PIL

മതപരമായ ഘോഷയാത്രകള്‍ വര്‍ഗ്ഗീയ കലാപത്തിന് കാരണമാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഘോഷയാത്രകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഹര്‍ജി നൽകിയത്.

ന്യൂ ഡൽഹി : രാജ്യത്തിനകത്തു നടക്കുന്ന മതപരമായ ഘോഷയാത്രകൾ നിയന്ത്രിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എൻ‌ ജി‌ ഒ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. 

മതപരമായ ഘോഷയാത്രകള്‍ വര്‍ഗ്ഗീയ കലാപത്തിന് കാരണമാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഘോഷയാത്രകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഹര്‍ജിയുമായി  സുപ്രീംകോടതിയില്‍ എത്തിയത്. എന്നാൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങലുടെ കീഴിലുള്ളതാണ് എന്നും ഈ വിഷയത്തിലേക്ക് സുപ്രീം കോടതിയെ അനാവശ്യമായി വലിച്ചിഴയ്ക്കേണ്ടതില്ലെന്നും  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വാളുകൾ തുടങ്ങിയ ആയുധങ്ങൾ എടുത്താണ് ഇന്ന്  മതപരമായ ആഘോഷവേളകളിലെ ഘോഷയാത്രകൾ നടക്കുന്നതെന്ന് എൻജിഒയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സി യു സിംഗ് പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നും സിംഗ് കൂട്ടിച്ചേർത്തു.  “ഞാൻ തന്നെ ഈ അന്വേഷണ കമ്മീഷനുകളില്‍ ഇരുന്നിട്ടുണ്ട് എന്നും, ഇത്തരം ഘോഷയാത്രകള്‍ക്ക് എങ്ങനെയാണ് അനുമതികൾ നൽകേണ്ടത് എന്നതില്‍ കൃത്യമായ  മാര്‍ഗ്ഗനിര്‍ദേശം അത്യവശ്യമാണെന്നും സിംഗ് സുപ്രീം കോടതിയിൽ  പറഞ്ഞു.  എന്നാൽ ഇത്തരത്തിലാണ് ഘോഷയാത്ര നടക്കുന്നെങ്കില്‍ അതിന് അനുമതി നല്‍കുന്നത് തെറ്റാണെങ്കിൽ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയിൽ ചോദ്യം ചെയ്യണമെന്നാണ് വ്യക്തമാക്കിയത്.

മതപരമായ ഘോഷയാത്രകളിൽ കലാപ പരമ്പരകൾ ഉണ്ടാകുന്നുവെന്നും   അധികാരികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സിംഗ് പറഞ്ഞപ്പോൾ എല്ലാ മതപരമായ ആഘോഷങ്ങളും കലാപങ്ങളുടെ കാരണമായി നമ്മൾ എപ്പോഴും ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നാട്ടിൽ ഇത്തരം ആഘോഷങ്ങള്‍ ഉണ്ടാക്കുന്ന നന്മകളും പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി.

ഗണേശപൂജയ്ക്കിടെ ലക്ഷങ്ങൾ ഒത്തുകൂടുന്നുണ്ടെങ്കിലും കലാപങ്ങളൊന്നും നടക്കാത്ത മഹാരാഷ്ട്രയിലെ ഉദാഹരണം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുവാദം. 
രാജ്യം വൈവിധ്യപൂർണ്ണമാണെന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഒരു ഭാഗത്തെ അവസ്ഥയെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു. 

Comments

    Leave a Comment