പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമുള്ള ഡെപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകളും ചുമതലകളുമാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി സ്വാമിനാഥൻ ജാനകിരാമനെ നിയമിച്ചതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. പ്രതിമാസം 2.25 ലക്ഷം രൂപയാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ ശമ്പളം.
നിലവിൽ സ്വാമിനാഥൻ ജാനകിരാമൻ ഉൾപ്പടെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിനുള്ളത്. മൈക്കൽ ദേബബ്രത, എം രാജേശ്വര റാവു,ടി റാബി ശങ്കർ എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവർണർമാർ. മഹേഷ് കുമാർ ജെയിന്റെ പിൻഗാമിയായിട്ടാണ് എസ്ബിഐ മാനേജിങ് ഡയറക്ടറായ സ്വാമിനാഥൻ ജാനകിരാമനെ നിയമിച്ചത്.
സ്വാമിനാഥൻ ജാനകിരാമൻ ;- ഉപഭോക്തൃ വിദ്യാഭ്യാസം, സംരക്ഷണം, മേൽനോട്ടം, സാമ്പത്തിക ഉൾപ്പെടുത്തലും വികസനവും, പരിശോധന, പരിസരം, രാജ്ഭാഷ എന്നീ വകുപ്പുകളുടെ ചുമതല നിർവഹിക്കും.
മൈക്കൽ പത്ര ;- ധനനയം, ധനവിപണി നിയന്ത്രണം, ഫിനാൻഷ്യൽ മാർക്കറ്റ് ഓപ്പറേഷൻസ്, ഡെപ്പോസിറ്റ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ, സാമ്പത്തിക, നയ ഗവേഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും.
എം രാജേശ്വര റാവു ;- റെഗുലേഷൻ, കമ്മ്യൂണിക്കേഷൻ, എൻഫോഴ്‌സ്‌മെന്റ്, നിയമ, അപകടസാധ്യത നിരീക്ഷണം എന്നീ വകുപ്പുകളുടെ ചുമതല നിർവഹിക്കും.
ടി റാബി ശങ്കർ ;- സെൻട്രൽ സെക്യൂരിറ്റി സെല്ലിന്റെ ചുമതല കൂടാതെ കറൻസി മാനേജ്‌മെന്റ്, ഫോറിൻ എക്‌സ്‌ചേഞ്ച്, ഇന്റേണൽ ഡെറ്റ് മാനേജ്‌മെന്റ്, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ്, എക്‌സ്‌റ്റേണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ്, ഗവൺമെന്റ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ വകുപ്പുകളുടെ ചുമതലയും നിർവഹിക്കും
ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രതയുടെ മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ജനുവരിയിൽ ഒരു വർഷത്തേക്കുകൂടി നീട്ടുകയായിരുന്നു.
Comments