21 വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തി.1994-ൽ സുഷ്മിത സെന്നിനും 2000-ത്തിൽ ലാറാ ദത്തക്കും ശേഷം പഞ്ചാബ് സ്വദേശിനിയായ ഹർനാസ് സന്ധുവിലൂടെയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിയത്.
ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്‌സ്. ഇസ്രയേലിലെ എയ്‌ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021ൽ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് സന്ധുവായിരുന്നു. 2000-ൽ ലാറ ദത്ത കിരീടം നേടിയതിന് 21 വർഷത്തിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ ഈ നേട്ടത്തിന് അർഹയാകുന്നത്.
മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയിലെയും പരാഗ്വെയിലെയും സുന്ദരിമാരെ പരാജയപ്പെടുത്തിയാണ് പഞ്ചാബിൽ നിന്നുള്ള 21കാരിയായ
ഹർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. മത്സരത്തിൽ ആദ്യറണ്ണറപ്പായി പരാഗ്വെയും രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.
''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിലെ പാനലിസ്റ്റുകളുടെ ചോദ്യത്തിന് ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു'' എന്ന് ഹർനാസ് മറുപടി നൽകി.
പതിനേഴാം വയസ്സിൽ മത്സരരംഗത്ത് യാത്ര ആരംഭിച്ച സന്ധു, മുമ്പ് മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ൽ ആദ്യ 12-ൽ ഇടംനേടുകയും ചെയ്തു. "യാരാ ദിയാൻ പൂ ബാരൻ", "ബായ് ജി കുട്ടാങ്കേ" തുടങ്ങിയ പഞ്ചാബി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്














Comments