2014 ൽ പാർലമെൻറ് നിധി നിയമങ്ങളിൽ വരുത്തിയ ഉദാരവൽക്കരണത്തെ തുടർന്ന് രാജ്യത്ത് ആയിരക്കണക്കിന് നിധി കമ്പനികൾ ആരംഭിച്ചെങ്കിലും 2019 ലാണ് മുൻകാല പ്രാബല്യത്തോടെ എൻഡിഎച്ച്4 ഫയൽ ചെയ്യണമെന്ന നിയമം സർക്കാർ പുറപ്പെടുവിച്ചത്.
തൃശ്ശൂർ: സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിധി കമ്പനികളെ പൊതുസമൂഹത്തിൽ ഇകഴ്ത്തി കാണിക്കും വിധത്തിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റേയും (ആർ ഒ സി), കേരള പോലീസിൻറെയും തെറ്റായ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നിധി കമ്പനിസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
എൻ ഡി എച്ച് 4 രേഖകൾ ഫയൽ ചെയ്തതിലെ നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് (എംസിഎ) പ്രവർത്തനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നേടി പ്രവർത്തിക്കുന്ന നിധി കമ്പനികളെക്കുറിച്ച് വാസ്തവ വിരുദ്ധമായ വിവരങ്ങളാണ് ആർ ഒ സിയുടെ അറിവോടെ കേരള പോലീസിൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഡേവിസ് എ. പാലത്തിങ്കൽ പറഞ്ഞു. പ്രവർത്തനാനുമതിയില്ലാത്ത സ്ഥാപനങ്ങളെന്ന രീതിയിൽ നിരവധി നിധി കമ്പനികളുടെ പേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹൈക്കോടതി ഉത്തരവിൻറെ നഗ്നമായ ലംഘനവും കോടതി അലക്ഷ്യവുമാണ്. ഇതിൻറെ പേരിൽ ആർ ഒ സി ക്കും പോലീസിനുമെതിരെ സംഘടന ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രി, എം സി എ, ആർ ഒ സി അധികൃതർ എന്നിവരുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചകളെ തുടർന്ന് എൻ ഡി എച്ച്4ൽ വീഴ്ചകൾ സംഭവിച്ചതിന് പ്രത്യേക അപേക്ഷകൾ നൽകി പിഴ അടച്ച് ക്രമപ്പെടുത്തുന്നതിനും തീരുമാനമായിട്ടുള്ളതാണ്. ഇത് പ്രകാരം കേരളത്തിലെ 40-ൽ പരം കമ്പനികൾ പിഴ ഒടുക്കുകയും മറ്റുള്ളവ ഇതിനുള്ള നടപടിക്രമങ്ങളിലുമാണ്. ഈ അവസരത്തിലാണ് ഒരു മുന്നറിയിപ്പുമില്ലാതെ കേരളത്തിലെ 380ൽ പരം നിധി കമ്പനികളുടെയും, പതിനായിരക്കണക്കിന് ഷെയർ ഹോൾഡേഴ്സിൻറെയും, ആയിരക്കണക്കിനു ജീവനക്കാരുടെയും ഭാവി പ്രതിസന്ധിയിലാക്കുന്ന ഇത്തരം നിയമ വിരുദ്ധ നടപടികളുമായി ആർഒസിയും പോലീസും രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014 ൽ പാർലമെൻറ് നിധി നിയമങ്ങളിൽ വരുത്തിയ ഉദാരവൽക്കരണത്തെ തുടർന്ന് രാജ്യത്ത് ആയിരക്കണക്കിന് നിധി കമ്പനികൾ ആരംഭിച്ചെങ്കിലും 2019 ലാണ് മുൻകാല പ്രാബല്യത്തോടെ എൻഡിഎച്ച്4 ഫയൽ ചെയ്യണമെന്ന നിയമം സർക്കാർ പുറപ്പെടുവിച്ചത്. ഈ നിയമം വരുന്നതിന് മുമ്പ് ആരംഭിച്ച സ്ഥാപനങ്ങൾ അതാത് വർഷങ്ങളിൽ എം സി എ ക്കു സമർപ്പിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തിരുന്ന അതേ കാര്യങ്ങൾ തന്നെ വീണ്ടും രേഖപ്പെടുത്തിയാണ് കമ്പനികൾ എൻ ഡി എച്ച് 4 സമർപ്പിച്ചത്. എന്നാൽ, അതേ കണക്കുകൾ എൻ ഡി എച്ച് 4 ൽ രേഖപ്പെടുത്തി എംസിഎക്കു നൽകിയപ്പോൾ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്നം. ഇതു സംബന്ധിച്ച കമ്പനികളുടെ വിശദീകരണങ്ങളൊന്നും കേൾക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നും ഭാരവാഹികൾ പരാതിപ്പെട്ടു.
Comments